അഭിഷേക് പോറല്‍ (28), കരുണ്‍ നായര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി.
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 163 റണ്‍സ് വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് വേണ്ടി കെ എല്‍ രാഹുല്‍ 39 പന്തില്‍ 41 റണ്‍സ് നേടി. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് (18 പന്തില്‍ 34) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. എട്ട് വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസല്‍വുഡിന് രണ്ട് വിക്കറ്റുണ്ട്. ഇന്ന് ജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം.
അഭിഷേക് പോറല്‍ (28), കരുണ്‍ നായര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. യഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍. നാലാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നന്നായി കളിച്ചുവന്ന അഭിഷേകിനെ, ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ ജിതേശ് ശര്‍മയുടെ കൈകളിലെത്തിച്ചു. 11 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് വീതം സിക്‌സും ഫോറും നേടിയിരുന്നു. തുടര്‍ന്ന് കരുണിനെ, യഷ് ദയാല്‍ അഞ്ചാം ഓവറില്‍ മടക്കി. ഭുവനേശ്വര്‍ കുമാറിന് ക്യാച്ച്.
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ തുടര്‍ന്നെത്തിയ ഫാഫ് ഡു പ്ലെസിസ് (26 പന്തില്‍ 22) - രാഹുല്‍ സഖ്യം തപ്പിത്തടഞ്ഞു. 28 റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും കൂട്ടിചേര്‍ക്കാനായത്. പത്താം ഓവറില്‍ ഫാഫിനെ ക്രുനാല്‍ പാണ്ഡ്യ പുറത്താക്കി. അക്‌സര്‍ പട്ടേല്‍ (15), അഷുതോഷ് ശര്‍മ (2), വിപ്രജ് നിഗം (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ രാഹുലും മടങ്ങി. പിന്നീട് സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് (0), ദുഷ്മന്ത ചമീര (0) പുറത്താവാതെ നിന്നു.
മലിംഗയെ മറികടന്ന് ജസ്പ്രിത് ബുമ്ര! മുംബൈക്ക് വേണ്ടി കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി
ഒരു മാറ്റവുമായിട്ടാണ് ആര്‍സിബി ഇറങ്ങിയത്. ഫിലിപ്പ് സാള്‍ട്ടിന് പകരം ജേക്കബ് ബേതല്‍ കളിക്കും. ഡല്‍ഹി ഫാഫ് ഡു പ്ലെസിസിനെ ഇംപാക്റ്റ് സബ്ബായി കളിപ്പിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ജേക്കബ് ബെഥേല്‍, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.
ആറ് ജയങ്ങളുമായി ഡല്‍ഹിയും ആര്‍സിബിയും പോയന്റ് ടേബിളില്‍ രണ്ടും മൂന്നും സ്ഥാനത്താണ്. കഴിഞ്ഞ മത്സരങ്ങളില്‍ ആവേശ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയും ബെംഗളൂരുവും ഇറിങ്ങിയത്. ഈ സീസണില്‍ ഇതിന് മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തില്‍ ഡല്‍ഹി ആറ് വിക്കറ്റിന് ബെംഗളൂരുവിനെ തകര്‍ത്തിരുന്നു.

