മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനുമായി ബന്ധപ്പെട്ട് 2008ലുണ്ടായ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് മുന്‍താരം ആര്‍ പി സിംഗ്.  നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ ധോണി ആര്‍ പി സിംഗിന് വേണ്ടി വാദിച്ചുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് ആര്‍ പി സിംഗ് പ്രതികരിച്ചത്. പരമ്പരയിലെ നാലും അഞ്ചും ഏകദിനങ്ങളില്‍ സെലക്റ്റര്‍മാര്‍ ഇര്‍ഫാന്‍ പഠാനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആര്‍ പി സിംഗ് മോശം ഫോമിലായിരുന്നു.

എന്നാല്‍ ആര്‍ പി സിംഗിന് വീണ്ടും അവസരം നല്‍കണമെന്ന് ധോണി പറഞ്ഞു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്ന് ധോണി ഭീഷണിപ്പെടുത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെതിരെയാണ് ആര്‍ പി സിംഗ് ഇപ്പോള്‍ സംസാരിച്ചത്... ''തന്റെ പദ്ധതിക്ക് കൂടുതല്‍ യോജിച്ച ആളുകളെ സംരക്ഷിക്കുന്ന രീതിയാണ് ധോണി സ്വീകരിച്ചിരുന്നത്. നിലപാടുകള്‍ളില്‍ സത്യസന്ധത പുലര്‍ത്തുന്ന ക്യാപ്റ്റനാണ് ധോണി. മറ്റാരേക്കാളും കൂടുതല്‍ അവനെ എനിക്കറിയാം. നിലപാടുകളില്‍ അടിയുറിച്ച് വിശ്വസിക്കുന്ന വ്യക്തിത്വമാണ് അവന്റേത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആദ്യ മത്സരങ്ങളില്‍ എനിക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. സ്വഭാവികമായും രണ്ടോ മൂന്നോ അവസരങ്ങള്‍ നല്‍കാന്‍ ഏതൊരു ക്യാപ്റ്റനും ചിന്തിക്കില്ലേ..? അത്തരത്തില്‍ ധോണിയും ചിന്തിച്ചിരിക്കാം. ഇതേ അവസ്ഥ പലതവണ എനിക്കുണ്ടായിട്ടുണ്ട്. എന്റെ പ്രകടനം മോശമാകുമ്പോഴെല്ലാം അവര്‍ എന്ന ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനയച്ചു. ആഭ്യന്തര തലത്തിലേക്കു പോയാല്‍ പരശീലനത്തിന്റെ നിലവാരം വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ എനിക്ക് ആ പരമ്പരയില്‍ പിന്നീട് അവസരം ലഭിച്ചില്ല. അന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ തന്നെ ബാധിച്ചിരുന്നില്ല. 

എന്റെ വേഗവും സ്വിങ്ങും നഷ്ടപ്പെട്ടതുകൊണ്ടാകാം എനിക്ക് ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ പോയത്. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം സാധ്യമായിരുന്നെങ്കില്‍ ഒരുപക്ഷേ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേനെ. സ്ഥാനം നഷ്ടമായതില്‍ എനിക്ക് ഖേദമൊന്നുമില്ല. എന്നാല്‍ അതിന്റെ പേരില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് വിഷമിപ്പിക്കും. 

ധോണിയെ ഏറെ നാളായിട്ട് എനിക്കറിയാം. സൗഹൃദവും ക്യാപ്റ്റന്‍ സ്ഥാനവും വേറെയാണ്. ആ സമയത്ത് കൂടുതല്‍ മികച്ചയാളെന്നു തോന്നിയ വ്യക്തിയെ ധോണി പിന്തുണച്ചുവെന്നേ ഞാന്‍ കരുതുന്നുള്ളൂ.'' ആര്‍ പി സിംഗ് പറഞ്ഞു.