ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പരിക്കറ്റ സഞ്ജു പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ലെന്നും അതുകൊണ്ടാണ് ടീമിനൊപ്പം ബെംഗളരുവിലേക്ക് വരാതിരുന്നതെന്നും രാഹുല്‍ ദ്രാവിഡ്.
ബെംഗളൂരു: രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് നിര്‍ണായക അപ്ഡേറ്റുമായി കോച്ച് രാഹുല്‍ ദ്രാവിഡ്. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന റോയല്‍ ചഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സഞ്ജുവിന്‍റെ പരിക്കിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് മറുപടി നല്‍കിയത്.
ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പരിക്കറ്റ സഞ്ജു പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ലെന്നും അതുകൊണ്ടാണ് ടീമിനൊപ്പം ബെംഗളരുവിലേക്ക് വരാതിരുന്നതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ടീമിനോടപ്പമുള്ള മെഡിക്കൽ സംഘവും സഞ്ജുവിന്‍റെ പരിക്ക് ഭേദമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിന് കളിക്കാനായില്ല. ആര്‍സിബിക്കെതിരായ ഇന്നത്തെ മത്സരത്തിലും സഞ്ജുവിന് കളിക്കാനാവില്ല. ടീം ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് യാത്ര ചെയ്ത് പരിക്ക് വഷളാവാതിരിക്കാനാണ് സഞ്ജു ടീമിനൊപ്പം വരാതെ ജയ്പൂരില്‍ തന്നെ തുടര്‍ന്നത്.
ഇന്നും തോറ്റാല്‍ പ്ലേ ഓഫ് മറക്കാം, രാജസ്ഥാന് ഇന്ന് ജീവന്‍മരണപ്പോരാട്ട; എതിരാളികള്‍ ആര്‍സിബി
ടീം ഫിസിയോയും സഞ്ജുവിനൊപ്പമുണ്ട്. സഞ്ജുവിന് എപ്പോള്‍ കളിക്കാനിറങ്ങാനാകുമെന്ന് എനിക്ക് കൃത്യമായി പറയാനാവില്ല.അടുപ്പിച്ച് മത്സരങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ക്കിപ്പോള്‍ ഒരു ഇടവേള കിട്ടി.ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ 27നാണ് ഞങ്ങള്‍ക്ക് അടുത്ത മത്സരം. അതുകൊണ്ട് തന്നെ കാത്തിരിക്കുക എന്നത് മാത്രമെ സഞ്ജുവിന്‍റെ കാര്യത്തില്‍ ഇപ്പോൾ പറയാനാവുവെന്നും ദ്രാവിഡ് പറഞ്ഞു.
ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ കൈവിരലിനേറ്റ പരിക്കുമൂലം ഇംപാക്ട് പ്ലേയറായി മാത്രമാണ് സഞ്ജു കളിച്ചത്. പിന്നീടുള്ള നാലു മത്സരങ്ങളില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും ഒരു ജയം മാത്രം നേടാനെ സഞ്ജുവിനായുള്ളു. സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ അര്‍ധസെഞ്ചുറി അടിച്ചു തുടങ്ങിയ സഞ്ജു ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ 224 റണ്‍സുമായി രാജസ്ഥാന്‍റെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണിപ്പോള്‍. യശസ്വി ജയ്സ്വാളാണ് സീസണിലെ റണ്‍വേട്ടയില്‍ രാജസ്ഥാൻ താരങ്ങളില്‍ ഒന്നാമത്.
