Asianet News MalayalamAsianet News Malayalam

ചിലത് ഉപേക്ഷിക്കേണ്ടി വരും! ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20ക്കായി എത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

മത്സരം കാണാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ചാവും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തി വിടുക. 4.30 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിവിടും. 14 ഗേറ്റുകള്‍ വഴിയാണ് പ്രവേശനം.

rules and regulation for cricket spectators for India vs South Africa first T20
Author
First Published Sep 28, 2022, 2:47 PM IST

തിരുവനന്തപുരം: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വരുന്നത്. ആരാധകരെല്ലാം ആവേഷത്തിലാണ്. പ്രധാന താരങ്ങളുടെയെല്ലാം കൂറ്റന്‍ കട്ടൗട്ടുകള്‍ ഒരുക്കി കാത്തിരിക്കുകയാണ് ആരാധകര്‍. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന അവസാന പരമ്പരയായതിനാല്‍ വന്‍ പ്രാധാന്യത്തോടെയാണ് ടീം മാനേജ്‌മെന്റും ആരാധകരും കാണുന്നത്. പ്രാധാന്യമേറിയ മത്സരം കാണുന്നതിന് മുമ്പ് സ്റ്റേഡിയത്തിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മത്സരം കാണാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ചാവും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തി വിടുക. 4.30 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിവിടും. 14 ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചാല്‍ ആരാധകര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ ലഭിക്കും.

എല്ലാം സെലക്റ്റര്‍മാരുടെ കൈകളിലാണ്! ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടാകുമോ എന്നതിനെ കുറിച്ച് സഞ്ജു

മാസ്‌ക് പ്രധാനമാണ്. ധരിച്ചില്ലെങ്കില്‍ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം ലഭിക്കില്ല. തീപ്പെട്ടി, സിഗരറ്റ്, മൂര്‍ച്ചയേറിയ സാധനങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവയും സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പ്രകോപിക്കുന്ന രീതിയിലുള്ള എന്തെങ്കിലും രേഖപ്പെടുത്തിയ വസ്ത്രങ്ങളും ബാനറുകളും സ്റ്റേഡിയത്തില്‍ കൊണ്ടുവരരുത്.

ഭക്ഷണവും വെള്ളവും ഗാലറിയിലെ കൗണ്ടറുകളില്‍ ലഭിക്കും. 28 ഫുഡ് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 12 കുടുംബശ്രീ കൗണ്ടറുകളുണ്ട്. ചിക്കന്‍ ബിരിയാണി, ചപ്പാത്തി, പെറോട്ട, ചിക്കന്‍, വെജിറ്റബിള്‍ കറി എന്നിവയ്‌ക്കൊപ്പം സ്‌നാക്ക്‌സ്, ചായ എന്നിവയും ലഭിക്കും. വെള്ളത്തിന് വേണ്ടി മാത്രം 17 കൗണ്ടറുകളുണ്ട്. വെള്ളത്തോടെ കുപ്പി ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കാന്‍ തുറന്നതിന് ശേഷമാണ് നല്‍കുക. 

സ്ഥിരത വേണം, ആഭ്യന്തര ക്രിക്കറ്റ് കളിക്കൂ! സഞ്ജു സാംസണ് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ നിര്‍ദേശം

സുരക്ഷയ്ക്കായി 1500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സ്റ്റേഡിയവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇതില്‍ ഭൂരിഭാഗം പൊലീസുകാരേയും വിന്യസിച്ചിരിക്കുന്നത്. ഗ്യാലറിയിലെ ഓരോ സ്റ്റാന്‍ഡിലും പൊലീസിനൊപ്പം സ്വകാര്യ സെക്യൂരിറ്റിക്കാരുടെ നിരീക്ഷണവും ഉണ്ടാവും. 

നാല് സ്ഥലങ്ങളിലാണ് പാര്‍ക്കിങ്. മത്സരം കാണാനെത്തുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിന്റെ മുന്‍വശം, കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റി ക്യാംപസ്, കാര്യവട്ടം ഗവ.കോളജ്, എല്‍എന്‍സിപിഇ എന്നിവിടങ്ങളില്‍ കാറും ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാം.
 

Follow Us:
Download App:
  • android
  • ios