ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ പരിക്കേറ്റ റിയാൻ പരാഗിന് പകരം റുതുരാജ് ഗെയ്കവാദിനെ ഉൾപ്പെടുത്തി. ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനവും ഗെയ്കവാദിന് നൽകിയിട്ടുണ്ട്. ഐപിഎല്ലിലെ മോശം പ്രകടനത്തിന് ശേഷം ഗെയ്കവാദിന് ഫോം വീണ്ടെടുക്കാനുള്ള മികച്ച അവസരമാണ് ഈ പരമ്പര.

മുംബൈ: ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ മാറ്റം. പരിക്കേറ്റ റിയാന്‍ പരാഗിന് പകരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിനെ ടീമില്‍ ഉള്‍പ്പെടുത്തി. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ചുമതലയും റുതുരാജ് വഹിക്കും. തിലക് വര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ ടീമുകളാണ് ത്രിരാഷ്ട്ര പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. ഐപിഎല്‍ 2026 മത്സരങ്ങള്‍ അവസാനിച്ച ഉടന്‍, ജൂണ്‍ 9നാണ് ഇന്ത്യ എ ടീമിന്റെ പരമ്പര ആരംഭിക്കുന്നത്. ജൂണ്‍ 21 വരെയാണ് ടൂര്‍ണമെന്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടയിലാണ് പരാഗിന് ഹാംസ്ട്രിങ് പരിക്കേറ്റത്. ഇതേതുടര്‍ന്ന് ലീഗ് ഘട്ടത്തിലെ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. പിന്നീട് കഠിനമായ വേദന സഹിച്ചാണ് താരം രാജസ്ഥാന് വേണ്ടി പ്ലേഓഫ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയത്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. പരിക്കേറ്റ പരാഗ് നിലവില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ്.

ശ്രീലങ്കന്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യ എ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ് (വൈസ് ക്യാപ്റ്റന്‍), പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, സൂര്യന്‍ഷ് ഷെഡ്‌ഗെ, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രാജ് നിഗം, യഷ് താക്കൂര്‍, യുദ്ധ്വീര്‍ സിങ്, അന്‍ഷുല്‍ കംബോജ്, അര്‍ഷാദ് ഖാന്‍, അനുകുല്‍ റോയ്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മോശം പ്രകടനമായിരുന്നു റുതുരാജിന്റേത്. അതില്‍ നിന്നും ശക്തമായി തിരിച്ചുവരാന്‍ ഈ പരമ്പര മഹാരാഷ്ട്ര ബാറ്റിങ് താരത്തിന് മികച്ചൊരു അവസരമാണ്. ഈ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 337 റണ്‍സ് മാത്രമാണ് റുതുരാജിന് നേടാനായത്. 123.44 എന്ന അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് പല മത്സരങ്ങളിലും ടീമിന് ഗുണകരമായിരുന്നില്ല. ഇതിനുപുറമെ, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടര്‍ച്ചയായി മൂന്നാം സീസണിലും പ്ലേഓഫ് കാണാതെ പുറത്തായതോടെ നായകന്‍ കൂടിയായ റുതുരാജിന് മേലുള്ള വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പരമ്പര ഗെയ്ക്വാദിന് ഏറെ നിര്‍ണ്ണായകമാണ്.

YouTube video player