പരിക്കിൽ നിന്ന് മോചിതനായ നിതീഷ് കുമാർ റെഡ്ഡി ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും പേസർ അർഷ്ദീപ് സിംഗിന് വിശ്രമം നൽകിയേക്കുമെന്നും അസിസ്റ്റന്റ് കോച്ച് സൂചന നൽകി. ബാറ്റിംഗ് നിരയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നതായി അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡൊഷാറ്റ് വ്യക്തമാക്കി. പരമ്പരയില്‍ ഇതിനകം തന്നെ 2-0 ന്റെ അജയ്യമായ ലീഡ് സ്വന്തമാക്കിയ ആതിഥേയരായ ഇന്ത്യ, വെള്ളിയാഴ്ച ചെന്നൈയില്‍ മൂന്നാം മത്സരത്തില്‍ ക്ലീന്‍ സ്വീപ്പാണ് ലക്ഷ്യമിടുന്നത്. ഇടത് തുടയിലെ പേശിവേദനയെ തുടര്‍ന്ന് ലഖ്നൗവില്‍ നടന്ന രണ്ടാം ഏകദിനം നഷ്ടമായ നിതീഷ് റെഡ്ഡി അടുത്ത മത്സരത്തില്‍ തിരഞ്ഞെടുപ്പിനായി സജ്ജനാണെന്ന് ഡെഷാറ്റ് വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് വിശ്രമം അനുവദിച്ചേക്കുമെന്നും, ബാറ്റിംഗ് നിരയില്‍ ഒന്നോ അതിലധികമോ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്‍ നെതര്‍ലന്‍ഡ്‌സ് താരം കൂടിയായ അദ്ദേഹം സൂചന നല്‍കി. ''കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില മാറ്റങ്ങള്‍ ഞങ്ങള്‍ വരുത്തും. അര്‍ഷ്ദീപിന് വിശ്രമം നല്‍കിയേക്കാം, ഒപ്പം ഒരു ബാറ്റര്‍ക്കും മാറ്റമുണ്ടാകാം. നിതീഷിന് ഒരുപക്ഷേ കഴിഞ്ഞ മത്സരത്തില്‍ തന്നെ കളിക്കാമായിരുന്നു. എന്നാല്‍ നാളത്തെ മത്സരത്തിന് അവന്‍ പൂര്‍ണ്ണ സജ്ജനാണ്.'' മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ കടുത്ത മത്സരത്തെക്കുറിച്ചും യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെക്കുറിച്ചും ഡൊഷാറ്റ് സംസാരിച്ചു. ''ബാറ്റിംഗ് നിരയിലെ മികച്ച നിലവാരവും ആഴവും കാരണം അവസരത്തിനായി കാത്തിരിക്കുന്ന താരമാണ് ജയ്സ്വാള്‍. എന്നാല്‍ പരമ്പര നേടുക എന്നതിനും ഏറ്റവും മികച്ച ടീമിനെ കളത്തിലിറക്കുക എന്നതിനുമാണ് ഞങ്ങള്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നത്.'' ഡൊഷാറ്റ് പറഞ്ഞു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയ്സ്വാള്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയത്.

ലഖ്നൗവില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങിയെങ്കിലും മുഹമ്മദ് സലീമിന് വിക്കറ്റ് നല്‍കി വെറും നാല് റണ്‍സിന് പുറത്തായ താരത്തിന് ആ അവസരം മുതലാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ 116 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും, നിലവിലെ ഇന്ത്യന്‍ ഏകദിന ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ ജയ്സ്വാളിന് കടുത്ത പോരാട്ടം നടത്തേണ്ടതുണ്ട്. ഇഷാന്‍ കിഷന്റെ തിരിച്ചുവരവും ലഖ്നൗവിലെ സെഞ്ചുറി പ്രകടനവും അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, വിരാട് കോലി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുന്നതോടെ മൂന്നാം നമ്പര്‍ സ്ഥാനം അദ്ദേഹം തിരിച്ചുപിടിക്കും.

''ജയ്സ്വാളിന് ചില അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ നിലവാരമുള്ള മറ്റ് താരങ്ങള്‍ ഉള്ളതിനാല്‍ ഇത് കഠിനമാണ്. എങ്കിലും ഇതുപോലുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അവന്‍ റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വഭാവമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

YouTube video player