കൊച്ചി: നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാളി പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുകയാണ്. അടുത്ത രഞ്ജി സീസണില്‍ ശ്രീശാന്ത് കേരളത്തിനായി കളിക്കും. ബിസിസിഐയുടെ വിലക്ക് നേരിടുന്ന സമയത്ത് രാഷ്‌ട്രീയത്തിലും സിനിമയിലും സജീവമായിരുന്നു താരം. ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനൊപ്പം സിനിമാ- രാഷ്‌ട്രീയ ഭാവിയെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്‌തേ കേരളത്തില്‍ സംസാരിച്ചു എസ് ശ്രീശാന്ത്. 

കേരള ടീമിലേക്ക് ശ്രീശാന്ത് തിരിച്ചെത്തുകയാണ്. പ്രതീക്ഷിച്ചിരുന്നതല്ലേ ഈ തിരിച്ചുവരവ്. എത്രത്തോളം സന്തോഷം തോന്നുന്നു കെസിയുടെ തീരുമാനത്തില്‍...

വളരെയധികം സന്തോഷമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനും പരിശീലകന്‍ ടിനു യോഹന്നാനും നന്ദി. ടിനു ചേട്ടനെ വിളിച്ചിരുന്നു. രമേശ് സാറും വിളിച്ചിരുന്നു. എല്ലാ സീനിയര്‍ ക്രിക്കറ്റര്‍മാരും വിളിച്ചിരുന്നു. രഞ്ജി ടീമിലെ സീനിയര്‍ താരങ്ങളെല്ലാം പിന്തുണച്ചിരുന്നു. അവരുടെയെല്ലാം പിന്തുണയോടെയാണ് ടീമില്‍ മടങ്ങിയെത്തുന്നത്. കേരളത്തിനായി രഞ്ജി ജയിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ശാരീരികക്ഷമത തെളിയിക്കണമെന്ന കടമ്പ മാത്രമാണ് ശ്രീശാന്തിന് മുമ്പില്‍ ഇനിയുള്ളത്. ക്രിക്കറ്റില്‍നിന്ന് മാറി നിന്ന ഈ കാലം എങ്ങനെയാണ് ഫിറ്റ്നസ് സംരക്ഷിച്ചത്?

ഫിറ്റ്‌നസ് ബുദ്ധിമുട്ടായിരുന്നില്ല, കഴിഞ്ഞ അഞ്ചാറ് വര്‍ഷം സിനിമയില്‍ അഭിനയിക്കുമ്പോഴും ഫിറ്റ്‌നസ് സൂക്ഷിക്കുന്നുണ്ടായിരുന്നു. ബോഡി ബിള്‍ഡിംഗ് വളരെ ഇഷ്‌ടപ്പെട്ടു. ഫിറ്റ്‌നസ് പൂര്‍ണമായും തെളിയിക്കാനാകും എന്നാണ് പ്രതീക്ഷ. 

രഞ്ജി ട്രോഫിയില്‍ 2017ലും 18ലും സെമിയിലും ക്വാര്‍ട്ടറിലും വരെയെത്തിയിരുന്നു കേരള ടീം. പക്ഷേ കഴിഞ്ഞ സീസണില്‍ വൻ പരാജയമായിരുന്നു. ശ്രീശാന്ത് കൂടി തിരിച്ചെത്തുമ്പോള്‍ ഈ ടീമില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം ക്രിക്കറ്റ് ആരാധകര്‍ക്ക്...

രഞ്ജി ട്രോഫിയിലും ഇറാനി കപ്പിലും കേരളത്തെ വിജയിപ്പിക്കണം എന്നാണ് ആഗ്രഹം ഇപ്പോള്‍ 37 വയസായിരിക്കുന്നു. ആരുടെയും വഴി മുടക്കാന്‍ ആഗ്രഹിക്കുന്നില്ല. ക്വാര്‍ട്ടറിലും സെമിയിലും എത്തിയ ടീമിന് ഫൈനല്‍ കളിക്കാനാകും, ജയിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബേസില്‍ തമ്പി, ജിയാസ്, അനീഷ്, രോഹന്‍ പ്രേം, നിതീഷ്, മുഹമ്മദ് അസ്‌ഹറുദീന്‍, സല്‍മാന്‍ നിസാര്‍... മികച്ച യുവതാരങ്ങളടങ്ങിയ ടീം നമുക്കുണ്ട്. കേരളത്തിന് കപ്പുയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം സഹതാരങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. 

ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ റിയാലിറ്റി ഷോയിലും സിനിമയിലുമൊക്കെയായി സജീവമായിരുന്നു ശ്രീശാന്ത്. ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ശ്രീശാന്ത് വീണ്ടും കളിക്കുന്നതിനായി കാത്തിരിക്കുകയാണ് മലയാളികള്‍. എന്താണ് ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത, പ്രതീക്ഷ...

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും ജയിക്കണം. അടുത്ത അഞ്ച് വര്‍ഷത്തക്ക് സിനിമയില്ല. ഒരു മറാഠി പടമുണ്ട്. അത് തീര്‍ക്കണം. ക്രിക്കറ്റിന് ശേഷം സിനിമയില്‍ തിരിച്ചെത്തണം എന്നാണ് ആഗ്രഹം. നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

ഇതിനിടെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇനിയെങ്ങനെയാണ് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നത്, ക്രിക്കറ്റില്‍ സജീവമാകുന്ന സാഹചര്യത്തിൽ.

രാഷ്‌ട്രീയത്തില്‍ ഇറങ്ങിയത് വലിയ അനുഗ്രഹമാണ്. പറ്റുന്ന രീതിയില്‍ രാഷ്‌ട്രീയം തുടരണമെന്നാണ് ആഗ്രഹം. അടുത്തൊന്നും തെരഞ്ഞെടുപ്പിലേക്കില്ല. അടുത്ത അഞ്ച് വര്‍ഷം ക്രിക്കറ്റ് മാത്രമാണ്. മൂന്ന് വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം. 2023 ലോകകപ്പ് കളിക്കണം എന്ന ആഗ്രഹമുണ്ട്. ഏഴ് വര്‍ഷമാണ് മിസ് ചെയ്തത്. അതിനാല്‍ കുറഞ്ഞത് അഞ്ച് വര്‍ഷം ദൈവം തരുമെന്നാണ് വിശ്വസിക്കുന്നത്. 200 ടെസ്റ്റ് വിക്കറ്റ് എടുക്കും എന്ന് പലരോടും പറഞ്ഞിരുന്നു. ഇതുവരെ 100 വിക്കറ്റുപോലും ആയിട്ടില്ല. 

വീഡിയോ കാണാം

"

ബൗളിംഗ് പടനയിക്കാന്‍ ശ്രീശാന്ത് മടങ്ങിയെത്തുന്നു; കേരളത്തിനായി രഞ്ജിയില്‍ കളിക്കും; മുന്നില്‍ ഒരേയൊരു കടമ്പ