ഏഴ് മത്സരങ്ങളില്‍ 651 റണ്‍സുള്ള കോലിക്ക് രണ്ട് സെഞ്ചുറികള്‍ സ്വന്തം പേരിലുണ്ട്. 11 മത്സരങ്ങളിലാണ് രാഹുല്‍ ദ്രാവിഡ് ഒരു സെഞ്ചുറി ഉള്‍പ്പെടെ 624 റണ്‍സ് നേടിയത്.
കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്കോററായ ക്യാപ്റ്റന്‍ വിരാട് കോലിക്ക്(Virat Kohli) റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ റണ്‍വേട്ടയില്‍ വിരാട് കോലി കോച്ച് രാഹുല്‍ ദ്രാവിഡിനെ(Rahul Dravid) മറികടന്ന് രണ്ടാമതെത്തി.
ദക്ഷിണാഫ്രിക്കക്കെതിരെ 13 റണ്‍സെടുത്തപ്പോഴാണ് കോലി കോലി പരിശീലകന്‍ ദ്രാവിഡിന്‍റെ 624 റണ്‍സ് നേട്ടം മറികടന്നത്. ദക്ഷിണാഫ്രിക്കയില്‍ 1161 റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍. 15 മത്സരങ്ങളില്‍ അഞ്ച് സെഞ്ചുറി ഉള്‍പ്പെടെയാണ് സച്ചിന്‍റെ നേട്ടം.
ഏഴ് മത്സരങ്ങളില്‍ 651 റണ്‍സുള്ള കോലിക്ക് രണ്ട് സെഞ്ചുറികള്‍ സ്വന്തം പേരിലുണ്ട്. 11 മത്സരങ്ങളിലാണ് രാഹുല്‍ ദ്രാവിഡ് ഒരു സെഞ്ചുറി ഉള്‍പ്പെടെ 624 റണ്‍സ് നേടിയത്.കേപ്‌ടൗണില്‍ 79 റണ്‍സെടുത്ത ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ടോപ് സ്കോററായിരുന്നു. 201 പന്തിലാണ് കോലി 79 റണ്‍സെടുത്തത്. കോലിയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ അര്‍ധസെഞ്ചുറിയുമാണിത്.
കേപ്‌ടൗണ്‍ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 223 റണ്‍സിന് ഓള്‍ ഔട്ടായി. കോലിക്ക് പുറമെ പൂജാര(43), റിഷഭ് പന്ത്(27) എന്നിവര്‍ മാത്രമെ ഇന്ത്യക്കായി പൊരുതിയുള്ളു. മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്‍റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ബുമ്രക്കാണ് വിക്കറ്റ്.
