മെല്‍ബണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്. ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗ്ലെന്‍ മാക്സ്‌വെല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറി. ഇടത് കൈമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനാവേണ്ടതിനാലാണ് മാക്സ്‌വെല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറിയത്.

ബിഗ് ബാഷില്‍ കളിക്കുന്നതിനിടെയാണ് മാക്സ്‌വെല്ലിന് ഇടത് കൈമുട്ടില്‍ വേദന അനുഭവപ്പെട്ടത്. കഴിഞ്ഞ ആഴ്ചയോടെ വേദന കടുത്തതോടെ താരത്തെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. വിശദപരിശോധനയിലാണ് മാക്സ്‌വെല്ലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഓസീസ് ടീമില്‍ നിന്ന് ഏതാനും മാസം വിട്ടുനിന്ന മാക്സ്‌വെല്‍ ബിഗ് ബാഷ് ലീഗിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

ബിഗ് ബാഷില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും മാക്സ്‌‌വെല്ലിനെ ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ഓസീസ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. മാക്സ്‌വെല്ലിന് പകരക്കാരനായി ഡാര്‍സി ഷോര്‍ട്ടിനെ ഓസീസ് ടീമിലുള്‍പ്പെടുത്തി. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരക്ക് ഫെബ്രുവരി 22നാണ് തുടക്കമാവുക.