ടെസ്റ്റ് കരിയറില്‍ ഏഴാം തവണ് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ഈ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് (Team India) ഒന്നാം ഇന്നിംഗ്‌സില്‍ 13 റണ്‍സിന്റെ ലീഡും ലഭിച്ചു.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര (Jasprit Bumrah) അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ടെസ്റ്റ് കരിയറില്‍ ഏഴാം തവണ് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ഈ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് (Team India) ഒന്നാം ഇന്നിംഗ്‌സില്‍ 13 റണ്‍സിന്റെ ലീഡും ലഭിച്ചു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ തന്നെയായിരുന്നു ബുമ്രയുടെ അരങ്ങേറ്റം. ഇപ്പോള്‍ തിരിച്ചുവരവും താരം ഗംഭീരമാക്കി. ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്നു ബുമ്ര. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നില്ല. 

ഇപ്പോള്‍ കേപ്ടൗണില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ബുമ്രയെ പുകഴ്ത്തി രംഗത്തെത്തിയിരുക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ലോകത്തെ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയാണെന്നാണ് വോണിന്റെ അഭിപ്രായം. ''എത്രത്തോളം മനോഹരമായിട്ടാണ് ബുമ്ര പന്തെറിയുന്നത്. നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ലോകത്തിലെ മികച്ച ബൗളര്‍ ബുമ്ര തന്നെയാണ്.'' വോണ്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. 

Scroll to load tweet…

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ബുമ്രയെ പുകഴ്ത്തി രംഗത്തെത്തി. ''കേപ്ടൗണില്‍ ഉദ്വേഗം നിറഞ്ഞ ടെസ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. അഞ്ച് വിക്കറ്റ് നേടിയ ബുമ്ര നന്നായി പന്തെറിയുകയുണ്ടായി.'' സ്റ്റെയ്ന്‍ കുറിച്ചിട്ടു. 

Scroll to load tweet…

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 223നെതിരെ ദക്ഷിണാഫ്രിക്ക 210ന് പുറത്തായായിരുന്നു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 100 എന്ന നിലയിലാണ്. നിലവില്‍ 113 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. വിരാട് കോലി (18), റിഷഭ് പന്ത് (33) എന്നിവരാണ് ക്രീസില്‍.