ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ചാണ് പൂജാര വീണത്. പിന്നാലെ നാലാം നമ്പറില്‍ ക്രീസിലെത്തിയ അജിങ്ക്യാ രഹാനെയാകട്ടെ കരിയറില്‍ ആദ്യമായി ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇതോടെ ഇരുവരുടെയും ടെസ്റ്റ് കരിയര്‍ തന്നെ വലിയ ചോദ്യ ചിഹ്നമാകുകയും ചെയ്തു.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) പരിക്കുമൂലം ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli) വിട്ടു നിന്നതോടെ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ലാവുമെന്ന് കരുതിയവരാണ് ചേതേശ്വര്‍ പൂജാരയും(Cheteshwar Pujara) മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും(Ajinkya Rahane). എന്നാല്‍ മായങ്ക് അഗര്‍വാള്‍(Mayank Agarwal) പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര 33 പന്തുകള്‍ പ്രതിരോധിച്ചു നിന്നെങ്കിലും മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ചാണ് പൂജാര വീണത്. പിന്നാലെ നാലാം നമ്പറില്‍ ക്രീസിലെത്തിയ അജിങ്ക്യാ രഹാനെയാകട്ടെ കരിയറില്‍ ആദ്യമായി ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇതോടെ ഇരുവരുടെയും ടെസ്റ്റ് കരിയര്‍ തന്നെ വലിയ ചോദ്യ ചിഹ്നമാകുകയും ചെയ്തു.ഇക്കാര്യം തുറന്നു പറയുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസവും മുന്‍ നായകനുമായ സുനില്‍ ഗവാസ്കര്‍. ടെസ്റ്റ് കരിയര്‍ രക്ഷിച്ചെടുക്കാന്‍ ഇനി ഇരുവര്‍ക്കും മുന്നില്‍ ഒരേയൊരു ഇന്നിംഗ്സ് മാത്രമാണുള്ളതെന്ന് ഗവാസ്കര്‍ കമന്‍ററിക്കിടെ പറഞ്ഞു.

വാണ്ടറേഴ്സിലെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി അത്ഭുത പ്രകടനങ്ങളൊന്നും പുറത്തെടുത്തില്ലെങ്കില്‍ഇ രുവരുടെയും ടെസ്റ്റ് കരിയറിന് തന്നെ തിരശീല വീണേക്കുമെന്നാണ് ഗവാസ്കറുടെ മുന്നറിയിപ്പ്. വാണ്ടറേഴ്സിലെ ആദ്യ ഇന്നിംഗ്സില്‍ പരാജയപ്പെട്ടതോടെ ഇനി ടെസ്റ്റ് കരിയര്‍ നീട്ടിയെടുക്കാന്‍ ഇരുവര്‍ക്കും മുന്നിലുള്ളത് വാണ്ടറേഴ്സിലെ രണ്ടാം ഇന്നിംഗ്സ് മാത്രമാണ്. ടീമിലെ അവരുടെ സ്ഥാനത്തെക്കുറിച്ച് പലരും സംശയമുന്നയിക്കുന്ന സമയത്താണ് ഈ പുറത്താകല്‍.

അതുകൊണ്ടുതന്നെ ഇനി അവര്‍ക്ക് ഒരേയൊരു ടെസ്റ്റ് ഇന്നിംഗ്സേ അവശേഷിക്കുന്നുള്ളു എന്ന് പറയാം. അതായത്, ഈ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സ്. ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നിലവിലെ അവസ്ഥവെച്ച് രണ്ടാം ഇന്നിംഗ്സില്‍ അവര്‍ക്ക് കളിക്കാനാകുമെന്നാണ് കരുതുന്നത്. അതിലും പരായജയപ്പെട്ടാല്‍ പിന്നീടൊരു തിരിച്ചുവരവുണ്ടാകില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

2019നുശേഷം രഹാനെയും പൂജാരയും ചേര്‍ന്ന് 25.23 ശരാശരിയില്‍ 2271 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ 12 തവണ പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പൂജാരയാണ് ഗോള്‍ഡന്‍ ഡക്കായതെങ്കില്‍ വാണ്ടറേഴ്സ് ടെസ്റ്റില്‍ അത് രഹാനെയായി. രഹാനെയുടെ കരിയറിലെ ആദ്യ ഗോള്‍ഡന്‍ ഡക്കുമായിരുന്നു ഇത്. 2021ല്‍ കളിച്ച 13 ടെസ്റ്റില്‍ 479 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്. പൂജാരയാകട്ടെ 14 ടെസ്റ്റില്‍ 702 റണ്‍സും.