കേപ്ടൗണില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 198ന് പുറത്തായിരുന്നു. പന്ത് സെഞ്ചുറി നേടിയിട്ടും ഇന്ത്യ ചെറിയ സ്‌കോറില്‍ പുറത്തായി. ടീമിലെ ഒരു താരം സെഞ്ചുറി നേടിയിട്ടും ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. 

കേപ്ടൗണ്‍: റിഷഭ് പന്തിന്റെ (Rishabh Pant) അവസരോചിത സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. കേപ്ടൗണില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 198ന് പുറത്തായിരുന്നു. പന്ത് സെഞ്ചുറി നേടിയിട്ടും ഇന്ത്യ ചെറിയ സ്‌കോറില്‍ പുറത്തായി. ടീമിലെ ഒരു താരം സെഞ്ചുറി നേടിയിട്ടും ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. 

1998-99ല്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ 208ന് പുറത്തായിരുന്നു. അന്ന് മുഹമ്മദ് അസറുദ്ദീന്‍ പുറത്താവാതെ 103 റണ്‍സ് നേടുകയുണ്ടായി. 1992-93ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീം 215ന് പുറത്തായിരുന്നു. പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റില്‍ കപില്‍ ദേവ് (Kapil Dev) 129 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

1996ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ 219ന് പുറത്തായിരുന്നു. അന്ന് സെഞ്ചുറി നേടിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു (Sachin Tendulkar). 122 റണ്‍സായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ സംഭാവന. 

വിക്കറ്റ് വേട്ടയില്‍ റബാദ

കഗിസോ റബാദ ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളറായി. 20 വിക്കറ്റാണ് റബാദയുടെ സമ്പാദ്യം. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഏറ്റവും വിക്കറ്റെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പട്ടികയില്‍ റബാദ മൂന്നാമതാണ്. മുന്‍ താരം അലന്‍ ഡൊണാള്‍ഡിനൊപ്പം മൂന്നാംസ്ഥാനം പങ്കിടുകയാണ് താരം. 

ഡൊണാള്‍ഡ് രണ്ട് തവണ 20 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നാണ് മുന്നില്‍. 2010-11 പരമ്പരയില്‍ അദ്ദേഹം 21 വിക്കറ്റ് വീഴ്ത്തി. ഈ പരമ്പരയില്‍ അരങ്ങേറിയ മാര്‍കോ ജാന്‍സെനിന്റെ അക്കൗണ്ടില്‍ 19 വിക്കറ്റുണ്ട്.