വാണ്ടറേഴ്സ് ടെസ്റ്റ് ജയിച്ച് ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയാല്‍ കപിലിന് അതിലും വലിയ പിറന്നാള്‍ സമ്മാനമില്ലെന്നും ഗവാസ്കര്‍ കമന്‍ററിക്കിടെ പറഞ്ഞു. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റുകള്‍ ജയിച്ചിട്ടുണ്ടെങ്കിലും പരമ്പര ജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വാണ്ടറേഴ്സ് ടെസ്റ്റില്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ അത് ചരിത്രനേട്ടമാകും.

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ജയം ആര്‍ക്കെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഇതിഹാസ താരം കപില്‍ ദേവിന്(Kapil Dev) പിറന്നാള്‍ സമ്മാനമായി ഇന്ത്യ ഈ ടെസ്റ്റ് ജയിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍(Sunil Gavaskar). ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവിന്‍റെ 63-ാം പിറന്നാളാണിന്ന്. ക്രിക്കറ്റ് ലോകം മുഴുവന്‍ കപിലിന് ജന്‍മദിനാശംസ നേരുന്നതിനിടെയാണ് വാണ്ടറേഴ്സ് ടെസ്റ്റ് ജയിച്ച് ഇന്ത്യന്‍ ടീം കപലിന് ജന്‍മദിന സമ്മാനം നല്‍കണമെന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്.

വാണ്ടറേഴ്സ് ടെസ്റ്റ് ജയിച്ച് ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയാല്‍ കപിലിന് അതിലും വലിയ പിറന്നാള്‍ സമ്മാനമില്ലെന്നും ഗവാസ്കര്‍ കമന്‍ററിക്കിടെ പറഞ്ഞു. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റുകള്‍ ജയിച്ചിട്ടുണ്ടെങ്കിലും പരമ്പര ജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വാണ്ടറേഴ്സ് ടെസ്റ്റില്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ അത് ചരിത്രനേട്ടമാകും.

ഈ ഇന്ത്യന്‍ ടീമില്‍ കപില്‍ ദേവിനെ ആരാധിക്കുന്ന നിരവധി താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാകും വാണ്ടറേഴ്സിലെ വിജയമെന്നും ഗവാസ്കര്‍ പറഞ്ഞു. ഭാഗ്യ ഗ്രൗണ്ട് കൂടിയായ വാണ്ടറേഴ്സില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല എന്ന റെക്കോര്‍ഡ് ഇത്തവണയും നിലനിര്‍ത്താന്‍ ആവുമോ എന്ന ആകാംക്ഷയിലാണ് അരാധകരിപ്പോള്‍.

240 റണ്‍സ് വിജയലക്ഷ്യം പിന്ടുരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം 118-2 എന്ന നിലയിലാണ് ക്രീസ് വിട്ടത്. നാലാം ദിനം ആദ്യ രണ്ട് സെഷനുകളും മഴമൂലം നഷ്ടമായെങ്കിലും നാലു സെഷനുകളിലെ കളി ബാക്കിയുള്ളതിനാല്‍ മത്സരത്തിന് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ മാറിയതോടെ നാലാം ദിനം അവസാന സെഷനില്‍ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിച്ചിട്ടുണ്ട്.