രോഹിത് ശര്‍മയുടെ (Rohit Sharma) അഭാവത്തില്‍ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയെ നയിച്ചത്. എന്നാല്‍ അരങ്ങേറ്റ പരമ്പരയില്‍ അദ്ദേഹത്തിന് വിജയം കൊണ്ടുവരാന്‍ സാധിച്ചില്ല.

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) തുടര്‍ച്ചയായ രണ്ടാം ഏകദിനവും തോറ്റ് ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തി. പാളില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. രോഹിത് ശര്‍മയുടെ (Rohit Sharma) അഭാവത്തില്‍ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയെ നയിച്ചത്. എന്നാല്‍ അരങ്ങേറ്റ പരമ്പരയില്‍ അദ്ദേഹത്തിന് വിജയം കൊണ്ടുവരാന്‍ സാധിച്ചില്ല. മത്സരത്തില്‍ ശേഷം അദ്ദേഹം തോല്‍വിയെ കുറിച്ച് സംസാരിച്ചു. 

മധ്യനിരയില്‍ കാര്യമായ കൂട്ടുകെട്ടുകളുണ്ടായില്ലെന്നാണ് രാഹുല്‍ പറയുന്നത്. ''ദക്ഷിണാഫ്രിക്ക അവരുടെ സാഹചര്യത്തില്‍ മികച്ച ക്രിക്കറ്റ് പുറത്തെടുത്തു. ഞങ്ങളാവട്ടെ മധ്യനിരയില്‍ തെറ്റുകള്‍ വരുത്തികൊണ്ടിരുന്നു. ഇതൊരു പഠനകാലയളവായി കാണുന്നു. വരും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് കരിതുന്നു. വലിയ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ മധ്യനിരയുടെ സംഭാവന നിര്‍ണായകമായിരിക്കണം. അതുപോലെ കൂട്ടുകെട്ടുകളും. മാത്രമല്ല, മധ്യഓവറുകളില്‍ നന്നായി പന്തെറിയുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ വരും മത്സരങ്ങള്‍ക്ക് മുന്നോടിയായി പരിശോധിക്കണം. ഇതിനെ കുറിച്ച് മുമ്പും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. താമസിയാതെ പരിഹാരമുണ്ടാവും. 

മുഴുവന്‍ ക്രഡിറ്റും അവര്‍ക്കുള്ളതാണ്. കൂട്ടുകെട്ടുകളുടെ പ്രാധാന്യം അവര്‍ കാണിച്ചുതന്നു. ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാനും വിരാട് കോലിയും മനോഹരമായി ബാറ്റ് ചെയ്തു. രണ്ടാം ഏകദിനത്തില്‍ റിഷഭ് പന്തും. ടീമിന്റെ പദ്ധിതകളിലെ ഒരു പ്രധാനതാരമാണ് പന്ത്. ഷാര്‍ദുല്‍ ഠാക്കൂറിനേയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം. വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കാന്‍ ഠാക്കൂറിന് സാധിക്കുന്നു. 

യൂസ്‌വേന്ദ്ര, ജസ്പ്രിത് ബുമ്രയും നന്നായിട്ട് പന്തെറിഞ്ഞു. ഏറെ ദിവസങ്ങളില്‍ ബയോ ബബിളില്‍ കഴിയുന്നത് ബു്ദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും ഇന്ത്യ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു. മൂന്നാം മത്സരത്തില്‍ വിജയിക്കാനുള്ള ശ്രമം നടത്തും. ടീമിലെന്തെങ്കിലും മാറ്റങ്ങളുണ്ടാകുമോ എന്നുള്ളത് ഇ്‌പ്പോള്‍ പറയുന്നത് ശരിയല്ല.'' രാഹുല്‍ വ്യക്തമാക്കി.

പാളില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചി ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.