ദക്ഷിണാഫ്രിക്കക്ക് മികച്ച പേസ് നിരയുണ്ടെന്ന് ജാഫര്‍ പറഞ്ഞു. ഇതില്‍ റബാദ ലോകത്തിലെ തന്നെ മികച്ച പേസര്‍മാരിലൊരാളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കനത്ത ഭീഷണിയാവുക റബാദയായിരിക്കും.

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(SA vs IND) ഇന്ത്യക്ക് ഏറ്റവും വെല്ലുവിളിയാവുന്ന കളിക്കാരനെ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍(Wasim Jaffer,). ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയായിരിക്കും(Kagiso Rabada) ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാവുകയെന്ന് ജാഫര്‍ പറഞ്ഞു.

കരിയറില്‍ ഇന്ത്യക്കതിരെ ഒമ്പത് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റബാദ 24 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. ഇതില്‍ 15 എണ്ണവും 2018ല മൂന്ന് ടെസ്റ്റ് പരമ്പരയിലായിരുന്നു. പേസര്‍ ആന്‍റിച്ച് നോര്‍ക്യയുടെ അഭാവത്തില്‍ റബാദയായിരിക്കും ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തിന്‍റെ കുന്തമുന എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദക്ഷിണാഫ്രിക്കക്ക് മികച്ച പേസ് നിരയുണ്ടെന്ന് ജാഫര്‍ പറഞ്ഞു. ഇതില്‍ റബാദ ലോകത്തിലെ തന്നെ മികച്ച പേസര്‍മാരിലൊരാളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കനത്ത ഭീഷണിയാവുക റബാദയായിരിക്കും. റബാദ മാത്രമല്ല, ഉന്നത നിലവാരം പുലര്‍ത്തുന്ന ദക്ഷിണാഫ്രിക്കന്‍ പേസ് നിര ഇന്ത്യക്ക് വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് പണ്ടത്തെപ്പോലെ അത്ര ശക്തമല്ല. അതുകൊണ്ടുതന്നെ മികച്ച പേസര്‍മാരുള്ള ഇന്ത്യക്ക് പരമ്പരയില്‍ സാധ്യതകളുണ്ട്. പക്ഷെ അപ്പോഴും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ പോരായ്മകളും കാണാതിരുന്നുകൂടാ. 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാനായാല്‍ മാത്രമെ ഇന്ത്യക്ക് കളി ജയിക്കാനാവു. ജസ്പ്രീത് ബുമ്രയിലും മുഹമ്മദ് ഷമിയിലും ഇന്ത്യക്ക് പരിചയസമ്പന്നരായ പേസര്‍മാരുണ്ട്.

എങ്കിലും 400 റണ്‍സെങ്കിലും അടിക്കാതെ ജയിക്കാനാവില്ല. അതാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ മുന്നിലുള്ള വെല്ലുവിളി. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ചുറ്റും ബാറ്റ് ചെയ്യാനാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രമിക്കേണ്ടത്. 2018ലെ പരമ്പരയില്‍ ഇന്ത്യക്കായി റണ്‍സടിച്ച ഒരേയൊരു ബാറ്റര്‍ വിരാടാണ്. എന്നാല്‍ ഇത്തവണ മറ്റുള്ളവരും അവസരത്തിനൊത്ത് ഉയര്‍ന്നേ മതിയാവു.

ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടുതല്‍ സന്തുലിതമാണ്. ക്രീസില്‍ ഒരു ഒന്നൊന്നര മണിക്കൂര്‍ പിടിച്ചു നില്‍ക്കുകയാണെങ്കില്‍ റിഷഭ് പന്തിന് കളി മാറ്റി മറിക്കാനാവുമെന്നും ജാഫര്‍ പറഞ്ഞു. ഈ മാസം 26നാണ് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.