ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ 41-ാം ഓവറിലായിരുന്നു മായങ്ക് എങ്കിഡിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീല്‍ എല്‍ഗാര്‍ തീരുമാനം റിവ്യു ചെയ്തു. റീപ്ലേകളില്‍ പന്ത് സ്റ്റംപില്‍ കൊള്ളുമെന്ന് വ്യക്തമായതോടെ മായങ്കിനെ ഔട്ട് വിധിക്കുകയും ചെയ്തു. 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(Mayank Agarwal) പുറത്തായ എല്‍ബഡബ്ല്യു തീരുമാനത്തില്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോഴും തര്‍ക്കം തീര്‍ന്നിട്ടില്ല. ലുങ്കി എങ്കിഡിയുടെ പന്ത് സ്റ്റംപില്‍ കൊള്ളുമെന്ന് ഡിആര്‍എസില്‍(DRS) വ്യക്തമായിരുന്നെങ്കിലും അത് ഔട്ടാണോ എന്ന സംശയത്തിലാണ് ആരാധകരിപ്പോഴും. ഇതേക്കുറിച്ച് ആദ്യ ദിവസത്തെ കളിക്കുശേഷം വാര്‍ത്താ സമ്മേളനത്തിനെത്തിയ മായങ്കിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചു.

സത്യസന്ധമായി പറഞ്ഞാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അനുവാദമില്ല. അതുകൊണ്ടുതന്നെ അതേക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. കാരണം, ഞാന്‍ എന്തെങ്കിലും തുറന്നും പറഞ്ഞാല്‍ ഞാന്‍ മോശക്കാരനുമാകും എനിക്ക് പിഴശിക്ഷയും ലഭിക്കും. പകുതി തമാശയായും പകുതി കാര്യമായും മായങ്ക് പറഞ്ഞു.

ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ 41-ാം ഓവറിലായിരുന്നു മായങ്ക് എങ്കിഡിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീല്‍ എല്‍ഗാര്‍ തീരുമാനം റിവ്യു ചെയ്തു. റീപ്ലേകളില്‍ പന്ത് സ്റ്റംപില്‍ കൊള്ളുമെന്ന് വ്യക്തമായതോടെ മായങ്കിനെ ഔട്ട് വിധിക്കുകയും ചെയ്തു.

ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 117 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് 60 റണ്‍സെടുത്ത അഗര്‍വാള്‍ പുറത്തായത്. ആദ്യ ദിനം പരമാവധി പന്തുകള്‍ ഒഴിവാക്കി വിടാനും സ്റ്റംപിന് നേര്‍ക്കുവരുന്ന പന്തുകളില്‍ മാത്രം ഷോട്ട് കളിക്കാനും പദ്ധതിയിട്ടാണ് ക്രീസിലെത്തിയതെന്നും മായങ്ക് പറഞ്ഞു. ആദ്യദിനം 272-3 എന്ന സ്കോറില്‍ കളിയവസാനിപ്പിച്ച ഇന്ത്യക്ക് രണ്ടാം ദിനം മഴമൂലം ബാറ്റിംഗിന് ഇറങ്ങാനായില്ല.

122 റണ്‍സുമായി കെ എല്‍ രാഹുലും 40 റണ്‍സോടെ അജിങ്ക്യാ രഹാനെയും ക്രീസില്‍. 60 റണ്‍സെടുത്ത മായങ്കിന് പുറമെ റണ്‍സൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാരയും 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.