12 റണ്‍സെടുത്ത രാഹുല്‍ ഡുനൈന്‍ ഒലിവറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈയെന്നെക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ തൊട്ടുപിന്നാലെ റബാദയുടെ പന്തില്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കിയാണ് 15 റണ്‍സെടുത്ത മായങ്ക് പുറത്തായത്.

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ഓപ്പണിംഗ് വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പുറത്തായ ഇന്ത്യയുടെ കെ എല്‍ രാഹുല്‍(KL Rahul)-മായങ്ക് അഗര്‍വാള്‍(Mayank Agarwal) സഖ്യത്തിന് റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഓപ്പണിംഗ് സഖ്യമെന്ന റെക്കോര്‍ഡാണ് മായങ്ക്-രാഹുല്‍ സഖ്യം ഇന്ന് സ്വന്തമാക്കിയത്.

12 റണ്‍സെടുത്ത രാഹുല്‍ ഡുനൈന്‍ ഒലിവറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈയെന്നെക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ തൊട്ടുപിന്നാലെ റബാദയുടെ പന്തില്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കിയാണ് 15 റണ്‍സെടുത്ത മായങ്ക് പുറത്തായത്. ഓപ്പണിംഗ് വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 200 റണ്‍സിലധികം സ്കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യമെന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 184 റണ്‍സടിച്ചിരുന്ന വീരേന്ദര്‍ സെവാഗ്-ഗൗതം ഗംഭീര്‍ സഖ്യത്തെയാണ്(Gautam Gambhir-Virender Sehwag,) രാഹുലും മായങ്കും ഇന്ന് പിന്നിലാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 153 റണ്‍സടിച്ചിട്ടുള്ള വസീം ജാഫര്‍-ദിനേശ് കാര്‍ത്തിക് സഖ്യമാണ് മൂന്നാം സ്ഥാനത്ത്.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചൂറി കൂട്ടുകെട്ടുയര്‍ത്തിയ(117) മായങ്ക്-രാഹുല്‍ സഖ്യം ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണിംഗ് സഖ്യമായിരുന്നു. 2007ലെ കേപ്‌ടൗണ്‍ ടെസ്റ്റില്‍ ദിനേശ് കാര്‍ത്തിക്-വസീം ജാഫര്‍ സഖ്യം 153ഉം 2010ലെ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സെവാഗ് ഗംഭീര്‍ സഖ്യം 137 ഉം റണ്‍സടിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടിയിറങ്ങിയ ഇന്ത്യ പക്ഷെ മൂന്നാം ടെസ്റ്റില്‍ നാലു വിക്കറ്റ് നഷ്ടമായി ബാറ്റിംഗ് തകര്‍ച്ചയിലാണ്. രാഹുലിനും മായങ്കിനും പുറമെ പൂജാരയുടെയും രഹാനെയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.