മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്. 14 റണ്‍സോടെ കീഗാന്‍ പീറ്റേഴ്സണും 11 റണ്‍സുമായി ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ക്രീസില്‍. ഏഴ് റണ്‍സെടുത്ത ഐയ്ഡന്‍ മാര്‍ക്രത്തിന്‍റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. മുഹമ്മദ് ഷമിയാണ് മാര്‍ക്രത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍SA vs IND) ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 202 റണ്‍സിന് ഓള്‍ ഔട്ടായി. പൂജാരയും രഹാനയും റിഷഭ് പന്തും ഹനുമാ വിഹാരിയുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും(KL Rahul) 46 റണ്‍സെടുത്ത ആര്‍ ആശ്വിനും(R Ashwin) മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്. 14 റണ്‍സോടെ കീഗാന്‍ പീറ്റേഴ്സണും 11 റണ്‍സുമായി ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ക്രീസില്‍. ഏഴ് റണ്‍സെടുത്ത ഐയ്ഡന്‍ മാര്‍ക്രത്തിന്‍റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. മുഹമ്മദ് ഷമിയാണ് മാര്‍ക്രത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യന്‍ സ്കോറിന് 167 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്ക. സ്കോര്‍ ഇന്ത്യ 202ന് പുറത്ത്, ദക്ഷിണാഫ്രിക്ക 35-1.

ഭേദപ്പെട്ട തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ നായകനായി ആദ്യ ടെസ്റ്റിനിറങ്ങിയ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സടിച്ചു. രാഹുല്‍ പ്രതിരോധിച്ചു നിന്നപ്പോള്‍ ആക്രമിച്ചു കളിച്ച മായങ്ക് അതിവേഗം സ്കോര്‍ ചെയ്തെങ്കിലും 26 റണ്‍സുമായി മടങ്ങി. മാര്‍ക്കോ ജാന്‍സണായിരുന്നു മായങ്കിനെ വിക്കറ്റ് കീപ്പര്‍ വെറേനെയുടെ കൈളിലെത്തിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.

ബാധ്യതയായി പൂജാരയും രഹാനെയും

മായങ്കിന് പകരമെത്തിയ ചേതേശ്വര്‍ പൂജാര കെ എല്‍ രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷ നല്‍കി. എന്നാല്‍ 33 പന്തുകള്‍ തടുത്തിട്ട പൂജാര മൂന്ന് റണ്‍സുമായി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ ഒലിവറിന്‍റെ പന്തില്‍ ബാറ്റുവെച്ച പൂജാര ബാവുമയുടെ കൈകളിലവസാനിച്ചു. പിന്നാലെയെത്തിയ അജിങ്ക്യാ രഹാനെക്ക് ക്രീസില്‍ ഒരു പന്തിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളു. ഒലിവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഗള്ളിയില്‍ കീഗാന്‍ പീറ്റേഴ്സണ് ക്യാച്ച് നല്‍കി രഹാനെയും മടങ്ങിയതോടെ ഇന്ത്യ 36-0ല്‍ നിന്ന് 49-3ലേക്ക് കൂപ്പുകുത്തി. ലഞ്ചിന് പിരിയുമ്പോള്‍ 53-3 എന്ന സ്കോറിലായിരുന്നു ഇന്ത്യ.

കൂട്ടത്തകര്‍ച്ച തടഞ്ഞ് രാഹുലും വിഹാരിയും

കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെയും കോലിയുടെ പകരക്കാരനായി എത്തിയ ഹനുമാ വിഹാരിയുടെയും ബാറ്റിംഗായിരുന്നു. തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന രാഹുല്‍ പതുക്കെ ഗിയര്‍ മാറ്റിയതോടെ ഇന്ത്യ സ്കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. തുടക്കത്തില്‍ ബാവുമ കൈവിട്ട വിഹാരിയും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി. എന്നാല്‍ ലഞ്ചിനുശേഷം സ്കോര്‍ 91ല്‍ നില്‍ക്കെ വിഹാരിയെ വീഴ്ത്തി കാഗിസോ റബാഡ ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. വാന്‍ഡര്‍ ഡസ്സന്‍ ആണ് ഷോര്‍ട്ട് ലെഗ്ഗില്‍ മനോഹരമായ ക്യാച്ചിലൂടെ വിഹാരിയുടെ ചെറുത്തു നില്‍പ്പ് അവസാനിച്ചിച്ചത്.

Scroll to load tweet…

വീണ്ടും രാഹുകാലം

റിഷഭ് പന്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെയും പിച്ചിലെ ബൗണ്‍സ് ചതിച്ചു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ മാര്‍ക്കോ ജാന്‍സന്‍റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച രഹാുല്‍(50) ബൗണ്ടറിയില്‍ കാഗിസോ റബാഡയുടെ മനോഹരമായ ക്യാച്ചില്‍ ഒതുങ്ങി. രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 116 റണ്‍സെ ഉണ്ടായിരുന്നുള്ളു. ഏഴാമനായി ക്രീസിലെത്തിയ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി നല്ല തുടക്കമിട്ടതോടെ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ 146ല്‍ എത്തി.

പിടിച്ചുനില്‍ക്കാതെ പന്തും മടങ്ങി, പൊരുതി നോക്കി അശ്വിന്‍

പ്രതീക്ഷ നല്‍കിയശേഷം റിഷഭ് പന്ത് ചായക്ക് ശേഷം വീണത് ഇന്ത്യക്ക് അടുത്ത തിരിച്ചടിയായി. 17 റണ്‍സെടുത്ത പന്ത് മാര്‍ക്കോ ജാന്‍സന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യച്ച് നല്‍കി മടങ്ങി. ഷര്‍ദ്ദുല്‍ ഠാക്കൂറിന് ക്രീസില്‍ അഞ്ചു പന്തിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളു. റണ്‍സെടുക്കും മുമ്പെ ഷര്‍ദ്ദുലും മടങ്ങിയതോടെ വാലറ്റത്തെക്കൂട്ടുപിടിച്ച് അശ്വിന്‍ പോരാട്ടം തുടര്‍ന്നു. ഇന്ത്യയെ 200ന് അടുത്തെത്തിച്ച അശ്വിനെ മാര്‍ക്കോ ജാന്‍സണ്‍ വീഴ്ത്തിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു, അവസാനം ജസ്പ്രീത് ബുമ്ര(11 പന്തില്‍ 14*) നടത്തിയ മിന്നലടികള്‍ ഇന്ത്യയെ 200 കടത്തി.

കോലിയില്ലാതെ ഇന്ത്യ

വാണ്ടറേഴ്‌സില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ നായകന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കോലി അടുത്ത ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ടോസ് വേളയില്‍ വ്യക്തമാക്കി. കോലിക്ക് പകരം ഹനുമാ വിഹാരി പ്ലേയിംഗ് ഇലവനിലെത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.