വാണ്ടറേഴ്സില്‍ 61 റണ്‍സ് വഴങ്ങിയാണ് ഠാക്കൂര്‍ ഏഴ് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. 2015-2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്പൂരില്‍ 66 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ആര്‍ അശ്വിന്‍റെ റെക്കോര്‍ഡാണ് ഠാക്കൂറിന്‍റെ പേസിനു മുന്നില്‍ ഇന്ന് വഴി മാറിയത്.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍(South Africa vs India, 2nd Test) ഏഴ് വിക്കറ്റ് എറിഞ്ഞിട്ട ഇന്ത്യയുടെ ഷര്‍ദ്ദുല്‍ ഠാക്കൂറിന്(Shardul Thakur) അപൂര്‍വനേട്ടം. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആര്‍ അശ്വിനുമെല്ലാം വിക്കറ്റെടുക്കുന്നതില്‍ പരായജപ്പെട്ടിടത്ത് ദക്ഷിണാഫ്രിക്കയെ ഒറ്റക്ക് എറിഞ്ഞു വീഴ്ത്തിയ ഠാക്കൂര്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

വാണ്ടറേഴ്സില്‍ 61 റണ്‍സ് വഴങ്ങിയാണ് ഠാക്കൂര്‍ ഏഴ് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. 2015-2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്പൂരില്‍ 66 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ആര്‍ അശ്വിന്‍റെ റെക്കോര്‍ഡാണ് ഠാക്കൂറിന്‍റെ പേസിനു മുന്നില്‍ ഇന്ന് വഴി മാറിയത്. 2004-2005ല്‍ കൊല്‍ക്കത്തയില്‍ ഹര്‍ഭജന്‍ സിംഗ്(87-7), 2010-2011ല്‍ കേപ്ടൗണില്‍ ഹര്‍ഭജന്‍ സിംഗ്(120-7) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനങ്ങള്‍.

ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ഠാക്കൂര്‍ വാണ്ടറേഴ്സിലെ ഏറ്റവും
മികച്ച ബൗളിംഗ് പ്രകടനത്തിനുമൊപ്പമെത്തി. 2010-2011ല്‍ കേപ്‌ടൗണില്‍ 120 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗിന്‍റെ ബൗളിംഗായിരുന്നു ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. അതാണിപ്പോള്‍ ഠാക്കൂര്‍ വാണ്ടറേഴ്സില്‍ തിരുത്തിയെഴുതിയത്.

1992-93ല്‍ ജൊഹാനസ്ബര്‍ഗില്‍ അനില്‍ കുംബ്ലെ(53-6), 2001-2002ല്‍ പോര്‍ട്ട് എലിസബത്തില്‍ ജവഗല്‍ ശ്രീനാഥ്(76-6), 2013-2014 ഡര്‍ബനില്‍ രവീന്ദ്ര ജഡേജ(138-6) എന്നിവയാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനങ്ങള്‍.
വാണ്ടറേഴ്സില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗെന്ന ഇംഗ്ലീഷ് താരം മാത്യു ഹൊഗാര്‍ഡിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഇന്നത്തെ പ്രകടനത്തോടെ ഠാക്കൂറിനായി. 2004-2005ല്‍ ആണ് ഹൊഗാര്‍ഡ് 61 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത് വാണ്ടറേഴ്സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്.