രോഹിത് ശര്‍മയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരെയും ഓപ്പണറായി ഇറങ്ങിയ മായങ്ക് സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ആയിരുന്നില്ല മായങ്ക്.
കറാച്ചി: രോഹിത് ശര്‍മ(Rohit Sharma) ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമ്പോള്‍ ഫോമിലുള്ള മായങ്ക് അഗര്‍വാളിലെ(Mayank Agarwal) ടീമില്‍ നിലിനിര്‍ത്തി ഫോം മങ്ങിയ ചേതേശ്വര്‍ പൂജാരയെ(Cheteshwar Pujara) ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്(Salman Butt). ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍(SA vs IND) പൂജാര ഗോള്‍ഡന്‍ ഡക്കാവുകയും മായങ്ക് അര്‍ധസെഞ്ചുറി നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുട്യൂബ് ചാനലിലൂടെ സല്‍മാന്‍ ബട്ടിന്‍റെ പ്രതികരണം.
പൂജാര ഒട്ടും ഫോമിലല്ല ഇപ്പോള്‍. സ്വാഭാവികമായും രോഹിത് ശര്‍മ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ ഫോമിലല്ലാത്ത പൂജാരയെ മാറ്റി ഫോമിലുള്ള മായങ്കിനെ ടീമില്‍ നിലനിര്‍ത്തണം. കാരണം ഒരു കാരണവശാലും ഫോമിലുള്ള മായങ്കിനെ ഒഴിവാക്കരുത്. ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കക്കെതിരെ ശ്രേയസ് അയ്യരെ ഒഴിവാക്കി. ഇന്ത്യന്‍ ടീം എല്ലായ്പ്പോഴും സീനിയര്‍ താരങ്ങളെ പിന്തുണക്കാറുണ്ട്. അത് നല്ലതുമാണ്. പക്ഷെ പൂജാര റണ്‍സ് കണ്ടെത്തിയെ മതിയാവു-സല്‍മാന്‍ ബട്ട് പറഞ്ഞു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരെയും ഓപ്പണറായി ഇറങ്ങിയ മായങ്ക് സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ആയിരുന്നില്ല മായങ്ക്. രോഹിത് ശര്‍മ അപ്രതീക്ഷിതമായി പരിക്കേറ്റ് പിന്‍മാറിയതോടെയാണ് മായങ്കിന് വീണ്ടും ഓപ്പണര്‍ സ്ഥാനത്ത് അവസരം ലഭിച്ചത്. കിട്ടിയ അവസരം മുതലാക്കിയ മായങ്ക് ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധെസെഞ്ചുറിയുമായി തിളങ്ങുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ 43 ഇന്നിംഗ്സുകളിലും സെഞ്ചുറിയില്ലാതിരുന്ന പൂജാരയാകട്ടെ ദക്ഷിണാഫ്രിക്കക്കെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ഗോള്‍ഡന്‍ ഡക്കായി. കരിയറില്‍ രണ്ടാം തവണ മാത്രമാണ് പൂജാര ഗോള്‍ഡന്‍ ഡക്കാവുന്നത്. ഈ വര്‍ഷം ടെസ്റ്റില്‍ നാലാം തവണയാണ് പൂജാര റണ്ണെടുക്കും മുമ്പെ പുറത്താവുന്നത്. 2019 ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് പൂജാര അവസാനമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയത്.
