തിരുവനന്തപുരം: രണ്ടാം ടി20യില്‍ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ പരിശീലന ക്യാംപിലാണ് കേരള ക്രിക്കറ്റ് ടീം. നാളെ തുമ്പയില്‍ ദില്ലിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമിനും മലയാളി താരം സഞ്ജു സാംസണും ആശംസകളുമായി കേരള ടീമുണ്ട്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സഞ്ജുവിനെ കുറിച്ച് വാചാലനായി...

ടീമില്‍ അവസരം ലഭിക്കുന്നുണ്ടെങ്കില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സച്ചിന്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ഇപ്പോഴത്തെ കോംപിനേഷന്‍ അനുസരിച്ച് സഞ്ജുവിന് അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മികച്ച പ്രകടനം നടത്താന്‍ സാധിക്കും. സഞ്ജു കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം. കളിച്ചെങ്കില്‍ മാത്രമെ ടി20 ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ അവസരം ലഭിക്കൂ. സഞ്ജുവിന് വിക്കറ്റ് കീപ്പറായി തന്നെ ഇന്ത്യന്‍ ടീമില്‍ സാധ്യതയുണ്ട്. 

അവസരം ലഭിക്കുകയാണെങ്കില്‍ സഞ്ജു എന്തായാലും റണ്‍സടിക്കും. അത്രയും മികച്ച ഫോമിലാണ് താരം കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് മികച്ച ടീം തന്നെയാണ്. എന്നാല്‍ ബൗളര്‍മാരുടെ പ്രകടനമാണ് പലപ്പോഴും വിനയാകുന്നത്. ആദ്യ മത്സത്തില്‍ വിട്ടുകൊടുത്ത എക്‌സ്ട്രാ റണ്‍സ് വിനയായി. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല.'' സച്ചിന്‍ പറഞ്ഞുനിര്‍ത്തി.