Asianet News MalayalamAsianet News Malayalam

സച്ചിൻ പവലിയൻ വിവാദം; കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ടി സി മാത്യു

ജയേഷിന്‍റെ ഭാര്യയുടെ പേരിലുള്ള പി ആർ കമ്പനി കെസിഎയിൽ നിന്ന് പണം തട്ടിയെടുത്തു. ഡീസൽ മോഷ്ടിച്ചത് പിടികൂടിയതിലുള്ള വൈരാഗ്യം തീർക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും ടി സി മാത്യു

Sachin Pavilion controversy Former BCCI vice president TC Mathew flays Jayesh George and KCA
Author
Kochi, First Published Jun 19, 2020, 5:43 PM IST

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) ബിസിസിഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റും കെസിഎ മുന്‍ പ്രസിഡന്റുമായ ടി സി മാത്യു. പവലിയനിലെ സാധനങ്ങൾ ജയേഷ് ജോര്‍ജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും ടി സി മാത്യു ആരോപിച്ചു.

പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം എടുത്തുകൊണ്ടുപോയി. പവലിയനിലെ വസ്തുക്കൾ 2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണെന്നും ടി സി മാത്യു പറഞ്ഞു.

എക്സിബിഷനിലെ ചിത്രങ്ങളും ടി സി മാത്യു പുറത്തുവിട്ടു. സച്ചിനേയും ക്രിക്കറ്റിനേയും ജയേഷും സംഘവും അപമാനിച്ചു. ജയേഷ് ജോർജും കേരള ഫുട്ബോൾ അസോ.സെക്രട്ടറി അനിൽ കുമാറും ചേർന്ന് സ്കോർ ലൈൻ എന്ന കമ്പനി നടത്തുന്നുണ്ട്. ക്രിക്കറ്റും ഫുട്ബോളും വള‍ർത്തുകയാണ് കമ്പനിയും ലക്ഷ്യം. ബിസിസിഐ ഔദ്യോഗിക സ്ഥാനത്തിരുന്ന് സ്വകാര്യ കമ്പനി നടത്തുന്നത് ലോധ കമ്മിറ്റി ശുപാർശകൾക്കെതിരാണ്.

ജയേഷിന്‍റെ ഭാര്യയുടെ പേരിലുള്ള പി ആർ കമ്പനി കെസിഎയിൽ നിന്ന് പണം തട്ടിയെടുത്തു. ഡീസൽ മോഷ്ടിച്ചത് പിടികൂടിയതിലുള്ള വൈരാഗ്യം തീർക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും ടി സി മാത്യു പറഞ്ഞു.

Also Read: ബ്ലാസ്റ്റേഴ്സ് പൊളിച്ചുമാറ്റിയ കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പുന:സ്ഥാപിക്കുമെന്ന് ജിസിഡ‍ിഎ

ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയുമായുള്ള ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാർ റദ്ദാക്കില്ലെന്ന ജയേഷ് ജോർജിന്‍റെ പ്രസ്താവന രാജ്യതാല്‍പര്യത്തിന് എതിരാണെന്നും ടി സി മാത്യു പറഞ്ഞു. ഇന്ത്യൻ വിപണി പിടിക്കുന്നതിനാണ് വിവോ ഇത്രയും വലിയ് തുകയ്ക്ക് കരാർ ഉണ്ടാക്കിയത്. 2018ൽ ലേലത്തിന്‍റെ അവസാന റൗണ്ടിൽ പങ്കെടുത്തത് ഒപ്പോയും വിവോയുമാണ്.

രണ്ട് ചൈനീസ് കമ്പനികളുടെയും മാതൃസ്ഥാപനം ഒന്നാണ്. സ്വതന്ത്രസ്ഥാപനമായ ബിസിസിഐ ഈ ഘട്ടത്തിൽ ആർജവമുള്ള നിലപാട് എടുക്കണം. കേന്ദ്രസർക്കാരിനോട് ആലോചിച്ചല്ല ബിസിസിഐ തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും ഈ ഘട്ടത്തിൽ സാമ്പത്തിക നഷ്ടത്തിനല്ല പ്രാധാന്യം നൽകേണ്ടതെന്നും ടി സി മാത്യു പറഞ്ഞു.

Follow Us:
Download App:
  • android
  • ios