മുംബൈ: ഓസ്‌ട്രേലിയക്കെതിരെ അവസാന മൂന്ന് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന അജിന്‍ക്യ രഹാനെയെ പുകഴ്ത്തി ഇതിഹാസതാരം സച്ചിൻ. ബുദ്ധിമാനായ ക്യാപ്റ്റനാണ് രഹാനെ എന്നാണ് സച്ചിന്‍ പറയുന്നത്. നാളെയാണ് നാല് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അഡ്‌ലെയ്ഡില്‍ പകലും രാത്രിയിലുമായിട്ടാണ് ആദ്യ ടെസ്റ്റ്. ഈ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് കോലി മടങ്ങുന്നത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. 

നേരത്തെ കോലിയും രഹാനെയുടെ നേതൃപാടവത്തെ പുകഴ്ത്തിയിരുന്നു. സച്ചിന്‍ പറയുന്നതിങ്ങനെ... ''കഠിനാധ്വാനിയാണ് രഹാനെ. ക്രിക്കറ്റിനോട് ആത്മാര്‍ത്ഥതയും കൂറും പുലര്‍ത്തുന്ന താരം. അദ്ദേഹം ഒന്നും അനായാസമായി എടുക്കാറില്ല. ഇത്തരം താരങ്ങള്‍ക്ക് അതിന്റെ ഫലം കൃത്യമായി ലഭിക്കും. പലപ്പോഴും ശാന്തനാണ് രഹാനെ. എന്നാല്‍ അയാളുടേതായ ഒരു ആക്രമണോത്സുകത എപ്പോഴും രഹാനെ കാണിക്കാറുണ്ട്.

രഹാനെയുമായി സംസാരിച്ചതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് ബുദ്ധിമാനാണ് രഹാനെ എന്നാണ്. ടീമിനെ നയിക്കുമ്പോള്‍ ഫലത്തെ കുറിച്ച് ചിന്തിക്കരുത്. ഫലം പിന്നാലെ വരുന്നതാണ്. കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിന കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് രഹാനെ വ്യക്തമാക്കിയിരുന്നു.'' സച്ചിന്‍ പറഞ്ഞു.

നേരത്തെ കോലിയും രഹാനെയെ കുറിച്ച് സംസാരിച്ചിരുന്നു. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാനും രഹാനെയും തമ്മില്‍ മാനസിക ഐക്യമുണ്ട്. വര്‍ഷങ്ങളായി ഒരുമിച്ച് കളിച്ചതിലൂടെ ഉണ്ടായതാണത്. ബാറ്റിങ്ങിനെത്തുമ്പോള്‍ ഞാനും അവനും വല്ലാത്തൊരു വിശ്വാസം തന്നെയുണ്ട്. കഴിഞ്ഞ രണ്ട് സന്നാഹമത്സരത്തിലും അവന്‍ മികച്ച പ്രകടനം പുറത്തെടുത്തു. വളരെ ശാന്തനാണ് രാഹനെ. അവന് അറിയാം ടീമിന്റെ ശക്തിയെന്താണെന്ന്.'' കോലി പറഞ്ഞു.