മുംബൈ: ക്രിക്കറ്റ് കരിയറിലെ ഏറ്റവും സങ്കീര്‍ണമായ സന്ദര്‍ഭം ഏതെന്ന് വെളിപ്പെടുത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടെന്നീസ് എല്‍ബോ പിടിപെട്ട കാലയളവാണ് തന്‍റെ കരിയറിനെ പിടിച്ചുലച്ചതെന്ന് സച്ചിന്‍ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

'ടെന്നീസ് എല്‍ബോ സങ്കീര്‍ണമായ പ്രശ്‌നമാണ്. എനിക്ക് പിടിപെട്ടശേഷം ഒട്ടേറെ സുഹൃത്തുക്കള്‍ക്കും ടെന്നീസ് എല്‍ബോ ബാധിച്ചു. ടെന്നീസ് എല്‍ബോ ബാധിച്ചാല്‍ വേദന എങ്ങനെയാണ് എന്നാണ് അവര്‍ മുന്‍പ് ചോദിച്ചുകൊണ്ടിരുന്നത്. നിങ്ങളത് ഒരിക്കല്‍ അനുഭവിച്ചറിയണം എന്നാണ് ഞാന്‍ മറുപടി പറഞ്ഞിരുന്നത്. ഒരു മുറിക്കുള്ളില്‍ നിങ്ങളെ പൂട്ടിയാല്‍ നിങ്ങള്‍ക്ക് വാതില്‍ തുറക്കാനാവില്ല. അത്രത്തോളം തീവ്രമാണത്.

എന്‍റെ രോഗം വളരെ സങ്കീര്‍ണമായിരുന്നു. എനിക്ക് കഴിയുന്നത് എല്ലാം ചെയ്തുനോക്കി. ടെസ്റ്റ് മാച്ചിന് മുന്‍പ് രാവിലെ ഇഞ്ചക്ഷന്‍ എടുത്തു. എന്നാല്‍ ഒന്നും പ്രയോജനപ്പെട്ടില്ല. ഇതോടെ ശസ്‌ത്രക്രിയക്ക് വിധേയനാകുക മാത്രമായി മുമ്പിലുള്ള പോംവഴി. ഞാന്‍ ഒതുക്കപ്പെടുകയാണ് എന്ന് തോന്നി. എന്‍റെ എല്ലാ ഡോക്‌ടര്‍മാരും ഫിസിയോ സുഹൃത്തുക്കളും പരിശ്രമിച്ചു. എന്നാല്‍ ക്രീസിലേക്ക് തിരിച്ചെത്താന്‍ ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടിയിരുന്നു'.

കരിയറിലെ സങ്കീര്‍ണമായ കാലത്ത് കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയെ കുറിച്ചും സച്ചിന്‍ സംസാരിച്ചു

'ഇനി ക്രിക്കറ്റ് ബാറ്റേന്താന്‍ കഴിയില്ല എന്നാണ് ശസ്‌ത്രക്രിയക്ക് ശേഷം തോന്നിയത്. ഞാന്‍ മാനസിക സമ്മര്‍ദത്തിലായി. എനിക്ക് ഉറക്കം വരുന്നില്ല, ഒരു ഡ്രൈവ് പോവാം എന്ന് അതിരാവിലെ രണ്ടു മണിക്കും നാല് മണിക്കും സുഹൃത്തുക്കളെ വിളിച്ച് പറയുന്ന സ്ഥിതിയുണ്ടായി. അവര്‍ എന്നെ യാത്രകള്‍ക്ക് കൊണ്ടുപോയി. സുഹൃത്തുക്കളുടെ, ഭാര്യ അഞ്ജലിയുടെ, കുടംബാംഗങ്ങളുടെ, അഞ്ജലിയുടെ കുടുംബാഗങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ് തിരിച്ചെത്താനായത്. ജീവിതത്തിലെ നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ മാത്രമായിരുന്നു അഞ്ജലി നല്‍കിയ ഉപദേശം. 

'മൂന്നര മാസത്തെ ചികിത്സയ്‌ക്ക് ശേഷം കുട്ടികള്‍ക്കൊപ്പം പ്ലാസ്റ്റിക് ബോളും ബാറ്റും ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങി. എനിക്ക് പന്തടിച്ചകറ്റാന്‍ പോലും അന്ന് കഴിഞ്ഞിരുന്നില്ല. എന്‍റെ കരിയര്‍ അവസാനിച്ചു എന്നാണ് കരുതിയത്. ക്രീസില്‍ തിരിച്ചെത്താന്‍ കഴിയില്ല എന്ന് കരുതി. എന്നാല്‍, എന്നെ മൈതാനത്തേക്ക് തിരിച്ചെത്തിക്കണം എന്നായിരുന്നു പ്രാര്‍ത്ഥന. നാലര മാസത്തിന് ശേഷം നാഗ്‌പൂരില്‍ ശ്രീലങ്കയ്‌ക്ക് എതിരെ കളിച്ച നിമിഷം ഒരിക്കലും മറക്കാനാവില്ല. ഇതാണ് എനിക്ക് വേണ്ടിയിരുന്നത്. ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു'- സച്ചിന്‍ വികാരനിര്‍ഭരമായ വാക്കുകള്‍ അവസാനിപ്പിച്ചു.