സച്ചിന്‍ എന്ന ക്രിക്കറ്റ് ചരിത്രത്തിലെ വന്‍മരത്തിന്‍റെ മകനെന്ന നിലയ്ക്ക് മൈതാനത്തിറങ്ങുന്ന അര്‍ജുന് മേല്‍ എപ്പോഴും സമ്മര്‍ദമുണ്ട്. ഇതിനെ എങ്ങനെ മറികടക്കാം എന്ന ഉപദേശം നല്‍കുകയാണ് സച്ചിന്‍.

മുംബൈ: ടി20 മുംബൈ ലീഗില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്‍ എന്ന ക്രിക്കറ്റ് ചരിത്രത്തിലെ വന്‍മരത്തിന്‍റെ മകനെന്ന നിലയ്ക്ക് മൈതാനത്തിറങ്ങുമ്പോള്‍ അര്‍ജുന് മേല്‍ എപ്പോഴും സമ്മര്‍ദമുണ്ട്. ഇതിനെ എങ്ങനെ മറികടക്കാം എന്ന ഉപദേശം നല്‍കുകയാണ് സച്ചിന്‍.

സ്‌പോര്‍ട്‌സില്‍ ഒന്നിനും ഗ്യാരണ്ടിയില്ല. അതിനാല്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുകയാണ് പ്രധാനം. എപ്പോഴൊക്കെയാണ് അര്‍ജുന് തിളങ്ങാനാകാത്തത്, അവന് മുന്നില്‍ നാളെ എന്നൊരു ദിനമുണ്ട്. ശക്തമായി തിരിച്ചെത്താന്‍ അര്‍ജുന് സാധിക്കും. അര്‍ജുന്‍ ക്രിക്കറ്റിനോടുള്ള ആഭിമുഖ്യവും സ്‌നേഹവും നിലനിര്‍ത്തുന്നത് മാത്രമാണ് തന്‍റെ പരിഗണനയെന്നും സച്ചിന്‍ പറഞ്ഞു. 

യുവതാരങ്ങള്‍ക്ക് ഐപിഎല്‍ വാതിലില്‍ മുട്ടാനുള്ള അവസരം മാത്രമല്ല ടി20 മുംബൈ ലീഗെന്ന് സച്ചിന്‍ പറയുന്നു. മുഖ്യധാരയിലില്ലാത്ത, ക്രിക്കറ്റിനായി ജീവിതം മാറ്റിവെച്ച താരങ്ങള്‍ക്കുള്ള അംഗീകാരമാണ് ടി20 മുംബൈ ലീഗെന്നും സച്ചിന്‍ പറഞ്ഞു. 

മുംബൈക്കായി അണ്ടര്‍ 14, 16, 19 തലങ്ങളില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലുമെത്തി. ഡി‌വൈ പാട്ടീല്‍ ടി20 കപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് അര്‍ജുന്‍ ടി20 മുംബൈ ലീഗില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്.