മുംബൈ: ദുലീപ് ട്രോഫി ഫോര്‍മാറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ശുപാര്‍ശ ചെയ്ത് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നിലവില്‍ ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്ന കളിക്കാര്‍ ടീമിന്റെ വിജയത്തേക്കാള്‍ ഉപരി വ്യക്തിഗത പ്രകടനങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. ചതുര്‍ദിന ടൂര്‍ണമെന്റില്‍ ടീം സ്പിരിറ്റ് ഇല്ലെന്നും ഇതില്‍ മാറ്റം വരുത്താന്‍ സൗരവ് തയാറാവണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ പലരും വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമാണ് നോക്കുന്നത്. അടുത്ത ടൂര്‍ണമെന്റ് ഏതാണോ അതിനുള്ള ടീമില്‍ ഇടം പിടിക്കാനുള്ള പ്രകടനങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നവരില്‍ നിന്നുണ്ടാവുന്നത്. ഉദാഹരണമായി ഐപിഎല്‍ ആണ് അടുത്ത് നടക്കാനിരിക്കുന്നതെങ്കില്‍ അനിനനുസരിച്ചാവും ഇതില്‍ കളിക്കാര്‍ പ്രകടനം നടത്തുക. ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണ്. അതിനാല്‍ ടീമിന്റെ വിജയത്തിനായി ടീം സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രകടനങ്ങളാണ് ദുലീപ് ട്രോഫിയിലും ഉണ്ടാവേണ്ടത്.

വ്യക്തിഗത പ്രകടനങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. രഞ്ജി ട്രോഫി ഫൈനല്‍ പൂര്‍ത്തിയായതിന് പിന്നാലെ സെമിഫൈനലിസ്റ്റുകളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് സംഘടിപ്പിക്കണമെന്നും സച്ചിന്‍ പറഞ്ഞു. രഞ്ജി സെമി ഫൈനലിസ്റ്റുകള്‍ക്ക് പുറമെ മറ്റ് രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തണം. ഇതില്‍ അണ്ടര്‍ 19, അണ്ടര്‍ 23 താരങ്ങളായിരിക്കണം ഉണ്ടാവേണ്ടത്. 19 വയസില്‍ താഴെയുള്ള പ്രതിഭാധനരായ താരങ്ങളെയും ഈ ടീമിലേക്ക് പരിഗണിക്കാം. ഇത്തരത്തില്‍ ആറ് ടീമുകളെ ഉള്‍പ്പെടുത്തി ദുലീപ് ട്രോഫി ടൂര്‍ണമെന്റ് സംഘടിപ്പിക്കണമെന്നും സച്ചിന്‍ പറഞ്ഞു.