മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രശംസ. 'സംശയമേതുമില്ലാതെ എനിക്ക് ഒരു കാര്യം പറയാനാകും. 24 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനിടയില്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് അദേഹം. ലെയ്‌റ്റ് ഔട്ട് സ്വിങറുകള്‍ സ്റ്റെയ്‌ന്‍ നന്നായി എറിഞ്ഞിരുന്നതായും' സച്ചിന്‍ ഓര്‍മ്മിക്കുന്നു.

സ്റ്റെയ്‌നെ പോലെ പന്തെറിയുന്ന മറ്റൊരു താരം ജെയിംസ് ആന്‍ഡേഴ്‌സനാണ്. എന്നാല്‍ കൂടുതല്‍ ബുദ്ധിമുട്ടിച്ച ആക്ഷന്‍ സ്റ്റെയ്‌ന്‍റെയാണ്. മികച്ച പേസില്‍ തുടര്‍ച്ചയായി സ്വിങ് കണ്ടെത്താനാവുന്നു. സ്റ്റെയ്‌ന്‍റെ വസന്തകാലത്ത് 150 കി.മീയോളം വേഗത്തിലാണ് പന്തെറിഞ്ഞിരുന്നത്. അത് നേരിടുക അത്ര എളുപ്പമല്ല. അക്കാര്യത്തില്‍ സ്റ്റെയ്‌ന്‍ മാസ്റ്ററാണ്. സ്റ്റെയ്‌ന് എതിരായ പോരാട്ടങ്ങള്‍ ആസ്വദിച്ചിരുന്നതായും അതിശയിപ്പിക്കുന്ന കരിയറില്‍ അഭിനന്ദിക്കുന്നതായും സച്ചിന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ സ്റ്റെയ്‌ന്‍ കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 2004ല്‍ അരങ്ങേറിയ താരം 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റ് നേടി. കുറഞ്ഞത് 200 വിക്കറ്റുകള്‍ നേടിയ താരങ്ങളില്‍ മികച്ച സ്‌ട്രൈക്ക് റേറ്റ്(42.3) സ്റ്റെയ്‌നാണ്. 2007/8 സീസണില്‍ 78 വിക്കറ്റ് നേടി ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന പേസറെന്ന നേട്ടത്തിലെത്തി. ഏഷ്യയില്‍ കൂടുതല്‍ വിക്കറ്റ്(92) നേടിയ ഏഷ്യക്കാരനല്ലാത്ത പേസര്‍, വേഗത്തില്‍ 400 വിക്കറ്റ് നേടിയ പേസര്‍(80 ടെസ്റ്റില്‍ നിന്ന്) തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ താരത്തിനുണ്ട്.