Asianet News MalayalamAsianet News Malayalam

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പ്രതിഫലം പറ്റുന്നില്ലെന്ന് സച്ചിന്‍

വിരമിച്ചശേഷം മുംബൈ ഇന്ത്യന്‍സ് ഐക്കണ്‍  നിലയില്‍ പ്രതിഫലമോ പദവികളോ പറ്റുന്നില്ലെന്ന് സച്ചിന്‍ മറുപടിയില്‍ വ്യക്തമാക്കുന്നു.

Sachin Tendulkar replys Ombudsman notice over conflict of interest issue
Author
Mumbai, First Published Apr 28, 2019, 5:07 PM IST

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുകയും ബിസിസിഐ ഉപദേശക സമിതി അംഗമാകുകയും ചെയ്യുന്നതിലൂടെ വിരുദ്ധ താല്‍പര്യമയരുന്നുവെന്ന പരാതിയില്‍ ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജെയിന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മറുപടി നല്‍കി. മുംബൈ ഇന്ത്യന്‍സ് മാര്‍ഗദര്‍ശി എന്ന നിലക്ക് പ്രതിഫലം പറ്റുന്നില്ലെന്നും മാനേജ്മെന്റിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നയതീരുമാനങ്ങളില്‍ ഭാഗഭാക്കല്ലെന്നും സച്ചിന്‍ ഓംബുഡ്സ്മാന് നല്‍കിയ  മറുപടി കത്തില്‍ വ്യക്തമാക്കി.

ഉപദേശകസമിതി അംഗമാരിയിരിക്കെ ഐപിഎല്‍ ടീമിന്റെ ഭാഗമാകുന്നുവെന്ന ആരോപണത്തില്‍ സച്ചിനും സണ്‍റൈസേഴ്സ് ഹൈദരാബാദ് മെന്ററായ വിവിഎസ് ലക്ഷ്മണും ബിസിസിഐ ഓംബുഡ്സ്മാന്‍ നോട്ടീസ് അയക്കുകയും ഇരുവരോടും എഴുതി തയാറാക്കിയ മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.  മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇരുവര്‍ക്കുമെതിരെ ഓംബുഡ്സ്മാന് പരാതി നല്‍കിയത്.

വിരമിച്ചശേഷം മുംബൈ ഇന്ത്യന്‍സ് ഐക്കണ്‍  നിലയില്‍ പ്രതിഫലമോ പദവികളോ പറ്റുന്നില്ലെന്ന് സച്ചിന്‍ മറുപടിയില്‍ വ്യക്തമാക്കുന്നു. കളിക്കാരുടെ തെരഞ്ഞെടുപ്പിലോ ടീം തെരഞ്ഞെടുപ്പിലോ തനിക്ക് പങ്കൊന്നും ഇല്ലെന്നും മുംബൈ ഇന്ത്യന്‍സില്‍ പ്രതിഫലം പറ്റുന്ന ജോലിക്കാരനല്ലെന്നും സച്ചിന്‍ മറുപടി കത്തില്‍ പറഞ്ഞു. തന്റെ അനുഭവസമ്പത്തും പരിചയവും വെച്ച് മാര്‍ഗദര്‍ശി എന്ന റോള്‍ മാത്രമാണ് തനിക്ക് മുംബൈ ടീമിലുള്ളതെന്നും അതുകൊണ്ടുതന്നെ വിരുദ്ധ താല്‍പര്യമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി.

ടീം മാനേജ്മെന്റില്‍ റോളൊന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് സച്ചിന്‍ മുംബൈ ടീം ഡഗ് ഔട്ടിലിരിക്കുന്നതെന്ന് ഗുപ്ത പരാതിയില്‍ ചോദിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ ടീം മാനേജ്മെന്റുമായി ബന്ധമൊന്നുമില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റ്, ട്രെയിനര്‍, മസാജര്‍ എന്നിവരെല്ലാം ഡഗ് ഔട്ടിലിരിക്കുന്നതും ചോദ്യം ചെയ്യേണ്ടിവരുമെന്നും പരാതിക്കാരന്റെ ആരോപണം വിഡ്ഢിത്തമാണെന്നും സച്ചിന്‍ മറുപടിയില്‍ പറയുന്നു. പരാതിയില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമാണെങ്കില്‍ അഭിഭാഷകനുമൊത്ത് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാമെന്നും സച്ചിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios