മുംബൈ: ക്രിക്കറ്റില്‍ ഒരു ദൈവമുണ്ടെങ്കില്‍ അത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ദൈവത്തിനുമുന്നിലും പ്രതിസന്ധികളുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് സച്ചിന്‍. ആ പ്രതിസന്ധി മറികടക്കാന്‍ തന്നെ സഹായിച്ചത് ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചശേഷം പിന്നീട് കരിയറില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും സച്ചിന്‍ പറയുന്നു.

പതിനാറാം വയസില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റംക്കുറിച്ചതിനെക്കുറിച്ചാണ് സച്ചിന്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസിര്‍ ഹുസൈനോട് മനസുതുറന്നത്. സ്കൂള്‍ മത്സരം കളിക്കുന്ന ലാഘവത്തോടെയാണ് ഞാന്‍ ആദ്യ ടെസ്റ്റിനിറങ്ങിയത്. ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ പാക് പേസര്‍മാരായ വസീം അക്രവും വഖാര്‍ യൂനിസും എനിക്കുനേരെ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് അവര്‍ക്കാവുന്ന രീതിയിലെല്ലാം എന്നെ പരീക്ഷിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ അതിനെ എങ്ങനെ നേരിടുമെന്ന് എനിക്ക് യാതൊരു ഊഹവുമില്ലായിരുന്നു. അത് ഞാന്‍ അംഗീകരിക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍ അവര്‍ക്കാവുന്നതെല്ലാം അവര്‍ ചെയ്തു. മുമ്പൊരിക്കലും അത്തരം ഒരു പരീക്ഷണം ഞാന്‍ നേരിട്ടിട്ടില്ല. അതുകൊണ്ടുതന്നെ അരങ്ങേറ്റം ഒട്ടും സുഖകരമായിരുന്നില്ല.

Also Read: ധോണിയുടെയും കോലിയുടെയും പിന്തുണയില്ലാത്തതിനാല്‍ കരിയര്‍ പ്രതിസന്ധിയിലായ 7 താരങ്ങള്‍

അക്രത്തിന്റെയും വഖാറിന്റെയും പേസിനു മുന്നില്‍ ഞാന്‍ പലതവണ ബീറ്റണായി. ഒടുവില്‍ 15 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ നാണക്കേടുകൊണ്ട് തലകുനിച്ചാണ് ഞാന്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. നീ എന്താണ് ചെയ്തത്, എന്താണ് നീ ഇങ്ങനെ കളിക്കുന്നത് എന്നീ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. ഡ്രസ്സിംഗ് റൂമിലെത്തി ഞാന്‍ നേരെ കുളിമുറിയിലേക്കാണ് പോയത്.

പൊട്ടിക്കരച്ചിലിന്റെ വക്കിലായിരുന്നു ഞാന്‍. സ്ഥലകാലബോധം പോലും എനിക്ക് നഷ്ടമായിരുന്നു.ഞാന്‍ എന്നെത്തന്നെ നോക്കി. എന്നിട്ട് മനസില്‍ പറഞ്ഞു, ഇതെന്റെ ആദ്യത്തെയും അവസനാത്തെയും മത്സരമാണ്.  സീനിയര്‍ തലത്തില്‍ കളിക്കാന്‍ ഞാനായിട്ടില്ല. മാനസികമായി അത്രത്തോളം തകര്‍ന്നുപോയിരുന്നു ഞാന്‍. എന്റെ മാനസികാവസ്ഥ ടീം അംഗങ്ങള്‍ക്കും മനസിലായി. രവി ശാസ്ത്രി എന്നോട് വന്ന് സംസാരിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും എന്റെ ചെവിയിലുണ്ട്.

നീ ഒരു സ്കൂള്‍ മത്സരം കളിക്കുന്നതുപോലെയാണ് ഇന്ന് കളിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെയാണ് നീ കളിക്കുന്നതെന്ന് ഓര്‍മ വേണം. അവരുടെ കഴിവിനെയും പ്രതിഭയെയും ബഹുമാനിച്ചേ മതിയാവു. അവരുടെ പേസിനു മുന്നില്‍ ഞാന്‍ ചൂളിപ്പോയെന്ന് ‌ഞാന്‍ രവിയോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, അത് കാര്യമാക്കേണ്ട. നീ ആദ്യം ക്രീസില്‍ അരമണിക്കൂറെങ്കിലും ചെലവഴിക്ക്. അവരുടെ പേസും സ്വിംഗുമായെല്ലാം നിനക്ക് പൊരുത്തപ്പെടാനാവും. അതിനുശേഷം എല്ലാം ശരിയാവും.

Also Read: പുരുഷന്മാരുമായി ബന്ധം; 23കാരനുമായുള്ള ബന്ധം നെയ്മറിന്റെ അമ്മ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഫൈസാബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഞാന്‍ കളിച്ചത്. പിന്നീടുള്ളതെല്ലാം ചരിത്രമാണ്. അന്ന് ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരിക്കലും സ്കോര്‍ ബോര്‍ഡിലേക്ക് നോക്കിയില്ല. ക്ലോക്കിലേക്ക് മാത്രം നോക്കി. റണ്‍സടിക്കാതിരിക്കുന്നതിനെക്കുറിച്ച് ഒരിക്കലും വേവലാതിപ്പെട്ടില്ല. അരമണിക്കൂറോളം ക്രീസില്‍ തുടര്‍ന്നശേഷം ഞാന്‍ പതുക്കെ റണ്‍സടിക്കാന്‍ തുടങ്ങി. ആ കളിയില്‍ ഞാന്‍ 59 റണ്‍സടിച്ചു. പിന്നീടൊരിക്കലും എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല-സച്ചിന്‍ പറഞ്ഞു.

അരങ്ങേറ്റ ടെസ്റ്റില്‍ ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ 24 പന്തില്‍ 15 റണ്‍സെടുത്താണ് പുറത്തായത്.(സ്കോര്‍ ബോര്‍ഡ് കാണാം) വഖാര്‍ യൂനിസ് സച്ചിനെ ബൗള്‍ഡാക്കുകയായിരുന്നു. സമനിലയായ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സച്ചിന്‍ ബാറ്റ് ചെയ്തില്ല. രണ്ടാം ടെസ്റ്റില്‍ 172 പന്തിലാണ് സച്ചിന്‍ 59 റണ്‍സടിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ എട്ട് റണ്‍സെടുത്ത് സച്ചിന്‍ റണ്ണൗട്ടായി.