Asianet News MalayalamAsianet News Malayalam

കരിയര്‍ മാറ്റിമറിച്ച ഹോട്ടല്‍ വെയ്റ്ററെ തേടി സച്ചിന്‍; ആരാധകര്‍ തേടിയിറങ്ങിയ ആളിവിടെയുണ്ട്

ചെന്നൈയില്‍ 2001ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനിടെ നടന്ന സംഭവം തന്‍റെ മൊബൈല്‍ ആപ്പായ 100എംബിയിലെ വീഡിയോയിലാണ് സച്ചിന്‍ വെളിപ്പെടുത്തിയത്.

Sachin Tendulkar searching for waiter who gave him advice in Chennai
Author
Chennai, First Published Dec 15, 2019, 12:49 PM IST

ചെന്നൈ: തന്‍റെ കരിയര്‍ മാറ്റിമറിച്ച ഒരു ഹോട്ടല്‍ വെയ്റ്ററെ അന്വേഷിച്ച് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ചെന്നൈയില്‍ 2001ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനിടെ നടന്ന സംഭവം തന്‍റെ മൊബൈല്‍ ആപ്പായ 100എംബിയിലെ വീഡിയോയിലാണ് സച്ചിന്‍ വെളിപ്പെടുത്തിയത്. രസകരമായ ആ കഥയ്‌ക്ക് പിന്നിലെ ഹോട്ടല്‍ വെയ്റ്റര്‍ ആരെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. 

Sachin Tendulkar searching for waiter who gave him advice in Chennai

തന്‍റെ കരിയറിലെ അപൂര്‍വ സംഭവങ്ങളിലൊന്നിനെ കുറിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വീഡിയോയില്‍ പറയുന്നതിങ്ങനെ. 'ചെന്നൈ ടെസ്റ്റിനായി ഒരു ഹോട്ടലിലായിരുന്നു ഞാന്‍. വെയ്റ്ററോട് ഒരു ചായ ആവശ്യപ്പെട്ടു. അദേഹം ചായയുമായി എന്‍റെ റൂമിലെത്തി. എന്നോട് ക്രിക്കറ്റിനെക്കുറിച്ച് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞോളൂ എന്ന് ഞാന്‍ മറുപടി നല്‍കി. 

'എല്‍ബോ ഗാര്‍ഡ് കെട്ടി കളിക്കാനിറങ്ങുമ്പോള്‍ ബാറ്റിന്‍റെ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ട്. താങ്കളുടെ വലിയ ആരാധകനാണ് ‍ഞാന്‍. എല്ലാ പന്തുകളും ഏറെതവണ ആവര്‍ത്തിച്ച് കണ്ടാണ് ഇക്കാര്യം മനസിലാക്കിയത്- ഇതായിരുന്നു അദേഹത്തിന്‍റെ കണ്ടെത്തല്‍. 

'ആദ്യമായാണ് ഇങ്ങനെയൊരു നിരീക്ഷണം ഞാന്‍ കേള്‍ക്കുന്നത്. ഗ്രൗണ്ടില്‍ നിന്ന് തിരിച്ച് ഹോട്ടലിലെത്തിയപ്പോള്‍ അദേഹം പറഞ്ഞ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതിയ എല്‍ബോ ഗാര്‍ഡ് ഡിസൈന്‍ ചെയ്തു. അതുപയോഗിച്ചാണ് പിന്നീട് ഞാന്‍ കളിച്ചത്. അതിന് കാരണക്കാരന്‍ ആ ഹോട്ടല്‍ വെയ്റ്റര്‍ മാത്രമാണ്. അദേഹത്തെ വീണ്ടും കാണമെന്നും പരിചയപ്പെടണമെന്നുമുണ്ട്'- പ്രിയ ആരാധകരെ, നിങ്ങളതിന് സഹായിക്കില്ലേ...സച്ചിന്‍ ട്വീറ്റില്‍ പറഞ്ഞുനിര്‍ത്തി. 

സച്ചിന്‍റെ ട്വീറ്റ് പുറത്തുവന്നതും ആ ജീനിയസിനെ തേടി ആരാധകരിറങ്ങി. വൈകാതെ സച്ചിന്‍റെ പ്രിയ ആരാധകനെ കണ്ടെത്താനുമായി. എന്‍റെ അമ്മാവനെയാണ് താങ്കള്‍ തെരയുന്നത് എന്ന മറുപടിയുമായി ഒരു ട്വിറ്റര്‍ യൂസര്‍ രംഗത്തെത്തി. അന്ന് സച്ചിന്‍ നല്‍കിയ ഓട്ടോഗ്രാഫും തെളിവായി അവര്‍ ചേര്‍ത്തു. ഗുരുപ്രസാദ് സുബ്രമണ്യന്‍ എന്നയാളാണ് സച്ചിന് കരിയറില്‍ ഏറെ സഹായകമായ നിര്‍ദേശം നല്‍കിയത്. എന്‍റെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദിപറയുന്നതായി ഗുരുപ്രസാദും കുറിച്ചു.

സുബ്രമണ്യനെ ന്യൂസ് 18 തമിഴ് ചാനല്‍ കണ്ടെത്തിയിട്ടുണ്ട്. '18 വര്‍ഷം മുന്‍പ് നടന്ന സംഭവം ഓര്‍ത്തെടുത്ത സച്ചിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. സച്ചിനെ നേരില്‍ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ മത്സരത്തിന് ശേഷം എല്‍ബോ ഗാര്‍ഡില്‍ സച്ചിന്‍ മാറ്റങ്ങള്‍ വരുത്തി. അത് കൈകളുടെയും കാലുകളുടെയും ചലനം അനായാസമാക്കുകയും കൂടുതല്‍ ഐ കോണ്‍ടാക്റ്റ് നല്‍കുകകയും ചെയ്തു. സച്ചിനെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നതായും അദേഹത്തിന് ഉപഹാരം നല്‍കുമെന്നും' ഗുരുപ്രസാദ് ന്യൂസ് 18 തമിഴിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios