മുംബൈ:  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബാറ്റ്  കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്ത് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ബാറ്റ് പ്രൊമോഷനായി സച്ചിന്‍റെ പേരും ചിത്രവും ഉപയോഗിച്ചതിന്‍റെ ഭാഗമായുള്ള റോയല്‍റ്റി ആവശ്യപ്പെട്ടാണ് സച്ചിന്‍റെ പരാതി.

20 ലക്ഷം ഡോളര്‍ ലഭിക്കാനുണ്ടെന്ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ സച്ചിന്‍ വ്യക്തമാക്കുന്നു. റോയല്‍റ്റി ഇനത്തില്‍ ലഭിക്കാനുളള കുടിശ്ശികയാണിത്. വര്‍ഷാവര്‍ഷം 10 ലക്ഷം ഡോളര്‍ വീതം റോയല്‍റ്റി ഇനത്തില്‍ നല്‍കാമെന്നതായിരുന്നു കരാറിലെ വ്യവസ്ഥ. 2016ലായിരുന്നു സിഡ്‌നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സുമായി കരാറുണ്ടാക്കിയത്. 

ഫോട്ടോയും പേരും ബാറ്റിന്റെ വില്‍പ്പനയ്ക്കായി ഉപയോഗിക്കാന്‍ കരാര്‍ അനുവദിച്ചിരുന്നു. സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍ എന്ന പേരില്‍ സ്‌പോര്‍ട്‌സ് ഉല്‍പ്പനങ്ങളും വസ്ത്രങ്ങളും വില്‍പ്പന നടത്താനായിരുന്നു ധാരണ. ബാറ്റിന്റെ പ്രചാരണത്തിനായി പരിപാടികളില്‍ പങ്കെടുത്തിരുന്നതായും സച്ചിന്‍ വ്യക്തമാക്കുന്നു.

 2018മുതല്‍  റോയല്‍റ്റി തരുന്ന കാര്യത്തില്‍ കമ്പനി വീഴ്ച വരുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ട് താന്‍ കമ്പനിയെ സമീപിച്ചെങ്കിലും  പ്രതികരണവുമുണ്ടായില്ല.  തുടര്‍ന്ന് പേരും ചിത്രവും ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന തന്‍റെ ആവശ്യവും കമ്പനി തള്ളി. തുടര്‍ന്നാണ് പരാതിയെന്നും സച്ചിന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.