മുംബൈ: ഇതിഹാസ ക്രിക്കറ്റര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, ബ്രെറ്റ് ലീ, വീരേന്ദര്‍ സെവാഗ്, തിലകരത്‌നെ ദില്‍ഷന്‍, ജോണ്ടി റോഡ്‌സ് തുടങ്ങിയവര്‍ വീണ്ടും പാഡണിയുന്നു. അടുത്ത വര്‍ഷം ആദ്യം ഇന്ത്യ വേദിയാവുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ സൂപ്പര്‍ താരങ്ങള്‍ കളിച്ചേക്കും എന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട്.

ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളിലെ ഇതിഹാസ താരങ്ങളാണ് എല്ലാ വര്‍ഷവും നടക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ കളിക്കുക. ടൂര്‍ണമെന്‍റിനിടെ റോഡ് സുരക്ഷാ സന്ദേശങ്ങള്‍ താരങ്ങള്‍ ആരാധകരിലെത്തിക്കും. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക. 

അടുത്ത വര്‍ഷം ഫെബ്രുവരി രണ്ട് മുതല്‍ 16 വരെ രാജ്യത്തെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റിന് ഇന്ത്യ വേദിയാകാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ടൂര്‍ണമെന്‍റിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍.