മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണും തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഭിന്നതാല്‍പര്യമെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈയില്‍ ഇരുവരും ഉപദേശക സമിതി അംഗത്വം രാജിവെച്ചിരുന്നു. ഉപദേശക സമിതിയിലെ മൂന്നാമത്തെ അംഗമായിരുന്ന സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ്  ആയ സാഹചര്യത്തിലാണ് ഇരുവരുടെയും തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്.

ഗാംഗുലിയുടെ പ്രത്യേക താല്‍പര്യവും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സച്ചിനും ഗാംഗുലിയും ലക്ഷ്‌മണും ചേര്‍ന്ന ഉപദേശക സമിതിയാണ് രവി ശാസ്ത്രിയെ ആദ്യം ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്. പിന്നീട് ഭിന്നതാല്‍പര്യ ആരോപണത്തെത്തുടര്‍ന്ന് കപില്‍ ദേവ്, അഷന്‍ഷുന്‍ ഗെയ്ക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി നിയമിച്ചിരുന്നു.

നാളെ ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെയും തെരഞ്ഞെടുക്കും. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ പശ്ചാത്തലത്തിലാണിത്.

പരിചയ സമ്പന്നരെ സെലക്ടര്‍മാരായി തെരഞ്ഞെടുക്കണമെന്ന ആവശ്യം പുതിയ ഭാരവാഹികള്‍ ചെവിക്കൊള്ളുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബിസിസിഐ ഭാരവാഹികളുടെ കൂളിംഗ് പീരിയഡ് നിബന്ധന എടുത്തു കളയാനും വാര്‍ഷിക ജനറഖല്‍ ബോഡി തീരുമാനെമടുക്കുമെന്നാണ് സൂചന.