ദില്ലി: വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ഓപ്പണര്‍ സൈഫ് ഹസന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കുടുങ്ങി. 21,600 രൂപ ഫൈന്‍ അടച്ചശേഷമാണ് താരത്തിന് നാട്ടിലേക്ക് മടങ്ങാനായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നാട്ടിലേക്ക് മടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് താരത്തിന്‍റെ വിസ കാലാവധി അവസാനിച്ചത്. 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിന്‍റെ പകരക്കാരന്‍ ഓപ്പണറായിരുന്നു സൈഫ്. ഈഡന്‍ ഗാര്‍ഡന്‍സിലെ പകല്‍-രാത്രി ടെസ്റ്റ് പരിക്കുമൂലം നഷ്ടമായ താരം ആറ് മാസത്തെ വിസ കാലാവധി തീര്‍ന്നത് അറിയാതെ ടീമിനൊപ്പം തുടരുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയശേഷമാണ് താരം വിസ തീര്‍ന്ന വിവരം അറിഞ്ഞത്. ബുക്ക് ചെയ്തിരുന്ന വിമാനത്തില്‍ ഇതോടെ താരത്തിന് മടങ്ങാനായില്ല. 

കൊല്‍ക്കത്ത ടെസ്റ്റില്‍ ടീം ഇന്ത്യയോട് ദയനീയമായി തോറ്റ അതേദിവസം ചില ബംഗ്ലാ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തിങ്കളാഴ്‌ചയാണ് സൈഫ് ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. സൈഫ് വിമാനത്താവളത്തില്‍ കുടുങ്ങിയതോടെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താരത്തെ നാട്ടിലേക്ക് യാത്രയാക്കുകയായിരുന്നു എന്നും പിടിഐ റിപ്പോര്‍ട്ട് പറയുന്നു.