കുൽദീപ് യാദവും വരുൺ ചക്രവർത്തിയും ടീമിന്റെ ഭാവി പദ്ധതികളിൽ പ്രധാനപ്പെട്ടവരാണെന്ന് സ്പിൻ ബോളിങ് കോച്ച് സായ് രാജ് ബഹുതുലെ വ്യക്തമാക്കി. ടീം കോമ്പിനേഷൻ കാരണമാണ് ഇരുവരും പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 മത്സരത്തില്‍ കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കും പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പില്ലെങ്കിലും, ഇരുവരും ടീമിന്റെ ഭാവി പദ്ധതികളില്‍ പ്രധാനപ്പെട്ടവരാണെന്ന് സ്പിന്‍ ബോളിങ് കോച്ച് സായ് രാജ് ബഹുതുലെ വ്യക്തമാക്കി. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന ഈ പ്രമുഖ സ്പിന്നര്‍മാര്‍ ടീമിന്റെ കോമ്പിനേഷന്റെ ഭാഗമായാണ് കാത്തിരിക്കുന്നത്.

ഓക്ക്ലന്‍ഡില്‍ നടന്ന നാലാം ടി20യില്‍ ഇന്ത്യന്‍ ബോളിങ് നിര 259 റണ്‍സ് വഴങ്ങി കനത്ത തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് കോച്ചിന്റെ ഈ പ്രതികരണം. പരമ്പര 3-1 ന് സ്വന്തമാക്കിയ ഇന്ത്യക്ക്, ഹാമില്‍ട്ടണില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ടീമില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കാര്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് ബഹുതുലെ വ്യക്തമാക്കി. ''അവര്‍ കളിക്കാന്‍ പൂര്‍ണ സജ്ജരാണ്. എന്നാല്‍ ടീമിന്റെ കോമ്പിനേഷനും ആവശ്യകതയും അനുസരിച്ച് അവര്‍ക്ക് അവസരം ലഭിക്കണമെന്നില്ല. ഇക്കാര്യം അവര്‍ക്ക് നന്നായി അറിയാം. എങ്കിലും അവര്‍ കഠിനാധ്വാനം തുടരുന്നുണ്ട്. അവസരം ലഭിക്കുമ്പോള്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കും.'' മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ബഹുതുലെ പറഞ്ഞു.

അവസാന ടി20യിലോ വരാനിരിക്കുന്ന ഏകദിന പരമ്പരയിലോ ഇരുവരും കളിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുല്‍ദീപ് യാദവ് ഇന്ത്യയുടെ ഏകദിന ടീമിന്റെയും ഭാഗമാണ്. സ്പിന്നര്‍മാര്‍ എപ്പോഴും ആക്രമണോത്സുകതയോടെ പന്തെറിയാനാണ് ടീം ആവശ്യപ്പെടാറുള്ളതെന്ന് ബഹുതുലെ പറഞ്ഞു. സാഹചര്യത്തിനനുസരിച്ച് പ്രതിരോധം തീര്‍ക്കുന്നതും ആക്രമണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പവര്‍പ്ലേയില്‍ പന്തെറിയുന്ന അക്‌സര്‍ പട്ടേലിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.

ബാറ്റിംഗിന് പുറമെ ഇടംകൈയന്‍ സ്പിന്നറായ അഭിഷേക് ശര്‍മ്മ നെറ്റ്‌സില്‍ ബോളിങ് പരിശീലനം നടത്തുന്നുണ്ടെന്നും, എന്നാല്‍ മത്സരത്തില്‍ അദ്ദേഹത്തെ ഉപയോഗിക്കുന്ന കാര്യം പൂര്‍ണ്ണമായും ക്യാപ്റ്റന്റെ തീരുമാനമാണെന്നും ബഹുതുലെ വ്യക്തമാക്കി.

YouTube video player