റാഞ്ചി: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കലാണ് അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പങ്കുവച്ച ട്വീറ്റാണ് ഇടക്കാലത്തിന് ശേഷം വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നത്. കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു' എന്ന തലക്കെട്ടോടെയായിരുന്നു കോലിയുടെ ട്വീറ്റ്. 

ട്വീറ്റ് വന്നതോടെ ധോണി വിരമിക്കാനൊരുങ്ങുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. വിരമിക്കാന്‍ പോകുന്നുവെന്ന് ധോണി ക്യാപ്റ്റനെ അറിയിച്ചിരിക്കുന്നുവെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സംഭവം വാര്‍ത്തയായതോടെ ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ് മറുപടിയുമായി വന്നു. വാര്‍ത്ത വ്യാജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇപ്പോഴിത വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. ട്വിറ്ററിലാണ് സാക്ഷി പ്രതികരണമറിയിച്ചത്. വിരമിക്കലുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചിട്ടത്. ട്വീറ്റ് കാണാം...