ഒരു ടീം എന്ന നിലയ്ക്ക് ഞങ്ങളെല്ലാവരും ഏഷ്യാ കപ്പില്‍ കളിച്ചതിന് ലഭിച്ച മാച്ച് ഫീസ് ഇന്ത്യൻ സൈനിക നടപടിയില്‍ ബാധിക്കപ്പെട്ട സാധാരാണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും നല്‍കുമെന്ന് സല്‍മാന്‍ അലി ആഘ പറഞ്ഞു.

ദുബായ്: ഏഷ്യാ കപ്പിൽ കളിച്ചതിന് ലഭിച്ച മാച്ച് ഫീസ് ഇന്ത്യൻ സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നല്‍കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെ സമാന പ്രഖ്യാപനവുമായി പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയും. ഏഷ്യാ കപ്പിലെ മാച്ച് ഫീസ് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ ബാധിക്കപ്പെട്ടവര്‍ക്കും അവരുടെ കുട്ടികള്‍ക്കും നല്‍കുമെന്ന് സല്‍മാന്‍ അലി ആഘ പ്രഖ്യാപിച്ചു. ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം നേടിയശേഷമാണ് ഏഷ്യാ കപ്പിലെ മാച്ച് ഫീസ് മുഴുവനായും ഇന്ത്യൻ സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സല്‍മാന്‍ അലി ആഘയും സമാനമായ പ്രഖ്യാപനം നടത്തിയത്. ഒരു ടീം എന്ന നിലയ്ക്ക് ഞങ്ങളെല്ലാവരും ഏഷ്യാ കപ്പില്‍ കളിച്ചതിന് ലഭിച്ച മാച്ച് ഫീസ് ഇന്ത്യൻ സൈനിക നടപടിയില്‍ ബാധിക്കപ്പെട്ട സാധാരാണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും നല്‍കുമെന്ന് സല്‍മാന്‍ അലി ആഘ പറഞ്ഞു. ടൂര്‍ണമെന്‍റിലാകെ ഇന്ത്യയുടെ സമീപനം നിരാശാജനകമായിരുന്നുവെന്നും സല്‍മാന്‍ അലി ആഘ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സൂര്യകുമാറും സംഘവും ചെയ്തത് കളിയുടെ മാന്യതക്ക് നിരക്കുന്ന കാര്യമായിരുന്നില്ല. ടൂര്‍ണമെന്‍റിലാകെ ഇന്ത്യയുടെ നിലപാട് നിരാശാജനകമായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് കൈ തരാതിരുന്നതിലൂടെ ഞങ്ങളെയല്ല അപമാനിച്ചത്, ക്രിക്കറ്റിനെ തന്നെയാണ്. നല്ല ടീമുകള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. ഫൈനലിനു മുമ്പുള്ള ട്രോഫി ഫോട്ടോ ഷൂട്ടിന് ഞാന്‍ ഒറ്റക്കാണ് പോയത്. കാരണം അത് ഞങ്ങളുടെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സമ്മാനദാന ചടങ്ങില്‍ നില്‍ക്കുകയും ഞങ്ങളുടെ മെഡലുകള്‍ ഏറ്റുവാങ്ങുകകയും ചെയ്തു. ഇന്ത്യൻ ടീമിനെതിരെ കടുത്ത വാക്കുകള്‍ ഞാനുപയോഗിക്കുന്നില്ല, പക്ഷെ അവര്‍ തീര്‍ത്തും അനാദരവോടയാണ് പെരുമാറിയതെന്ന് സല്‍മാന്‍ അലി ആഘ പറഞ്ഞു.

ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും തിലക് വര്‍മയുമായി ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക