Asianet News MalayalamAsianet News Malayalam

ചുമതലയില്‍ ഒരൊറ്റ ദിവസം, കസേര തെറിച്ച് സല്‍മാന്‍ ബട്ട്; പാക് ക്രിക്കറ്റില്‍ കലാപം, രൂക്ഷ വിമര്‍ശനം

മുന്‍ ക്യാപ്റ്റന്‍ കൂടിയായ സല്‍മാന്‍ ബട്ട് തന്‍റെ ടീമില്‍ കാണില്ല എന്ന് മുഖ്യ സെലക്ടര്‍ വഹാബ് റിയാസ് മാധ്യമങ്ങളെ അറിയിച്ചു

Salman Butt dropped from PCB selection committee a day after his appointment announced by Wahab Riaz
Author
First Published Dec 3, 2023, 6:51 AM IST

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റിലെ നാടകീയത തുടരുന്നു. സെലക്ഷന്‍ കമ്മിറ്റി അംഗമായി നിയമിക്കപ്പെട്ട് ഒരൊറ്റ ദിവസം കൊണ്ട് മുന്‍ നായകന്‍ സല്‍മാന്‍ ബട്ടിന്‍റെ കസേര തെറിച്ചു. 2010ലെ കുപ്രസിദ്ധമായ ഒത്തുകളി വിവാദത്തിലെ പ്രതിനായകന്‍മാരില്‍ ഒരാളായ സല്‍മാന്‍ ബട്ടിനെ പാക് ക്രിക്കറ്റിലെ ചുമതലകളിലേക്ക് അടുപ്പിക്കരുത് എന്ന് മുന്‍ താരങ്ങളുള്‍പ്പടെ കടുത്ത വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് അദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്. സല്‍മാന്‍ ബട്ട് തന്‍റെ ടീമില്‍ കാണില്ല എന്ന് മുഖ്യ സെലക്ടര്‍ വഹാബ് റിയാസ് മാധ്യമങ്ങളെ അറിയിച്ചു. 

എന്നെയും സല്‍മാന്‍ ബട്ടിനെയും ചേര്‍ത്തുവെച്ച് ആളുകള്‍ പലരും പറഞ്ഞുതുടങ്ങി. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ളയാളാണ് എന്നതിനാല്‍ സല്‍മാന്‍ ബട്ടിനെ എന്‍റെ സെലക്ഷന്‍ കമ്മിറ്റി ടീമിലേക്ക് എടുക്കാന്‍ ഞാന്‍ തന്നെയാണ് തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ആ തീരുമാനം പിന്‍വലിക്കുകയാണ്. ഇനി മുതല്‍ എന്‍റെ സംഘത്തിന്‍റെ ഭാഗമായിരിക്കില്ല താങ്കള്‍ എന്ന കാര്യം സല്‍മാന്‍ ബട്ടിനെ ഇതിനകം അറിയിച്ചുകഴിഞ്ഞു. ആളുകള്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം എന്നും മുന്‍ പേസര്‍ കൂടിയായ ചീഫ് സെലക്‌ടര്‍ വഹാബ് റിയാസ് ലാഹോറില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റമീസ് രാജയുള്‍പ്പടെ നിരവധി പേരാണ് സല്‍മാന്‍ ബട്ടിന്‍റെ നിയമനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ഒത്തുകളിക്ക് പിടികൂടിയ ഒരാളെ നിര്‍ണായക ചുമതല ഏല്‍പിച്ചത് ശരിയായില്ല എന്നായിരുന്നു റമീസ് രാജയുടെ വിമര്‍ശനം. 2010ല്‍ പാക് ക്രിക്കറ്റിനെ പ്രതിരോധത്തിലാക്കിയ ഒത്തുകളി വിവാദത്തില്‍ മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കൊപ്പം സല്‍മാന്‍ ബട്ടും പ്രതിയായിരുന്നു. പാകിസ്ഥാനായി 33 ടെസ്റ്റും 78 ഏകദിനങ്ങളും 24 രാജ്യാന്തര ട്വന്‍റി 20കളും കളിച്ച താരത്തെ ഒത്തുകളി വിവാദത്തോടെ ഐസിസി 10 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. യുകെയില്‍ ജയിലില്‍ കിടന്ന ചരിത്രവും സല്‍മാന്‍ ബട്ടിനുണ്ട്. 

Read more: ക്രിക്കറ്റ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios