മുംബൈ: തന്‍റെ എക്കാലത്തെയും ഇഷ്ട ക്രിക്കറ്റ് താരത്തിന്‍റെ പേര് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. ദബാംഗ് പ്ലയര്‍ എന്നാണ് സല്‍മാന്‍ ആ താരത്തെ വിശേഷിപ്പിച്ചത്. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടി തന്ന ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയെയാണ് സല്‍മാന്‍ ഇഷ്ടതാരമായി തെരഞ്ഞെടുത്തത്. ഞായറാഴ്ച നടന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തിന്‍റെ പ്രീ ഷോയിലാണ് സല്‍മാന്‍ ഖാന്‍ ധോണിയുടെ പേര് പറഞ്ഞത്. സല്‍മാന്‍ ഖാന്‍റെ പുതിയ ചിത്രമായ ദബാംഗ്-3ന്‍റെ റിലീസിന് മൂന്ന് ദിവസം മുമ്പാണ് സല്‍മാന്‍ ഇഷ്ടതാരത്തെ വെളിപ്പെടുത്തിയത്. 

ക്രിക്കറ്റ് താരങ്ങളില്‍ നേരിട്ട് പരിചയമുള്ള താരം കേദാര്‍ ജാദവാണ്. എന്നാല്‍, എന്‍റെ ഇഷ്ട താരം എംഎസ് ധോണിയാണ്. അദ്ദേഹമൊരു ദബാംഗ് കളിക്കാരനാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. ആദ്യമായാണ് സല്‍മാന്‍ ഖാന്‍ പൊതുവേദിയില്‍ തന്‍റെ ഇഷ്ട ക്രിക്കറ്റ് താരത്തിന്‍റെ പേര് വെളിപ്പെടുത്തുന്നത്. ഏകദിന ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം എംഎസ് ധോണി ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെ നടന്ന ട്വന്‍റി20 പരമ്പരയിലും ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ട്വന്‍റി20, ഏകദിന പരമ്പരിയിലും ധോണി വിട്ടുനിന്നു.