ദില്ലി: സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ വിസ്മയ പ്രകടനം ആവര്‍ത്തിച്ച് രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ സമിത് ഇന്ന് സെഞ്ചുറിയും സ്വന്തം പേരിലാക്കി. ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂളിനുവേണ്ടിയാണ് ദ്രാവിഡിന്റെ മകന്റെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 131 പന്ത് നേരിട്ട സമിത് 166 റണ്‍സ് നേടി. 

24 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു സമിതിന്റെ ഇന്നിങ്‌സ്. സമിത്തിന്റെ സെഞ്ചുറി കരുത്തില്‍ വിദ്യാശില്‍പ് അക്കാദമിക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ്  മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നേടിയത്. പന്തെടുത്തപ്പോള്‍ നാല് വിക്കറ്റും സ്വന്താക്കിയ സമിത് ബൗളിങ്ങിലും തിളങ്ങി. 182 റണ്‍സിന് പുറത്താവുകയായിരുന്നു എതിര്‍ടീം. നേരത്തെ രണ്ട് മാസത്തിനിടെ കുട്ടിത്താരം രണ്ട് ഇരട്ട സെഞ്ചുറികള്‍ സ്വന്തമാക്കിയിരുന്നു. ശ്രീകുമാരന്‍ ചില്‍ഡ്രന്‍സ് അക്കാദമിക്കെതിരെയായിരുന്നു അവസാന ഇരട്ട സെഞ്ചുറി. 146 പന്തില്‍നിന്നും 33 ബൗണ്ടറികളുടെ അകമ്പടിയോടെ 204 റണ്‍സാണ് സമിത് നേടിയിരുന്നത്. 

നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് സമിത്‌. മല്യ അതിഥി ഇന്റര്‍നാഷണല്‍ സ്‌കൂളിന് വേണ്ടി അഞ്ച് മത്സരങ്ങളില്‍ നിന്ന് 681 റണ്‍സാണ് സമിത് നേടിയത്. 211 റണ്‍സാണ് സമിത്തിന്റെ ടോപ് സ്‌കോര്‍. രണ്ട് ഇരട്ട സെഞ്ചുറിയും ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമാണ് സമിത് നേടിയത്. മുമ്പ് അണ്ടര്‍ 12 മത്സരങ്ങളിലും കുഞ്ഞുദ്രാവിഡ് തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇന്റര്‍സോണ്‍ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍നിന്നും 295 റണ്‍സ് നേടിയാണ് സമിത് വരവറിയിച്ചത്.