സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് സെലക്ഷന്‍ കമ്മിറ്റിയുടെ റൊട്ടേഷന്‍ നയത്തിന്റെ ഭാഗമായാണെന്ന് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. അക്‌സര്‍ പട്ടേലിനെയും ഇതേ രീതിയില്‍ ഒഴിവാക്കിയെന്നും, ഓപ്പണിംഗ് കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ദില്ലി: സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സെലക്ഷന്‍ കമ്മിറ്റിയുടെ റൊട്ടേഷന്‍ നയത്തിന്റെ ഭാഗമായി മാത്രമാണെന്നാണ് ദീപ് ദാസ്ഗുപ്തയുടെ വിലയിരുത്തല്‍. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദീപ് ദാസ്ഗുപ്തയുടെ വിശദീകരണം
ഇന്ത്യയുടെ നമ്പര്‍ വണ്‍ ടി20 സ്പിന്നറായിട്ടും അക്‌സര്‍ പട്ടേലിനെയും സിംബാബ്വെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന കാര്യം ദീപ് ദാസ്ഗുപ്ത ചൂണ്ടിക്കാണിച്ചു. അക്‌സര്‍ പട്ടേലിന്റെ അഭാവത്തെക്കുറിച്ച് ആരും ചോദ്യങ്ങള്‍ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരു മത്സരത്തില്‍ രണ്ട് ഓപ്പണര്‍മാര്‍ക്ക് മാത്രമേ കളിക്കാന്‍ കഴിയൂ. അതിനാല്‍ സഞ്ജുവിന് വിശ്രമം അനുവദിക്കുകയോ പുറത്തിരുത്തുകയോ ചെയ്തതാകാം. ഓപ്പണിംഗ് കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, യശസ്വി ജയ്സ്വാള്‍ തുടങ്ങി നിരവധി ഓപ്ഷനുകള്‍ ടീമിന് മുന്നിലുണ്ട്.'' ദാസ്ഗുപ്ത വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഞ്ജു സാംസണെ കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍ക്കായി പരിഗണിക്കുന്ന 30-ഓളം കളിക്കാര്‍ക്ക് പരമാവധി അവസരങ്ങളും ഗെയിം ടൈമും നല്‍കേണ്ടത് അത്യാവശ്യമാണെന്നും, ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് മികച്ച 15 അംഗ ടീമിനെ കണ്ടെത്താന്‍ ഈ രീതിയാണ് ഏറ്റവും മികച്ചതെന്നും ദീപ് ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്നും 'എലിപ്പന്തയത്തില്‍' നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായും സഞ്ജു സാംസണ്‍ ജിയോസ്റ്റാറിലെ ഷോയില്‍ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ദീപ് ദാസ്ഗുപ്തയുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

