മുംബൈ: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുന്‍ ഇന്ത്യന്‍ താരം വിക്രം റാത്തോറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി നിയമിച്ചത്. ഇപ്പോഴത്തെ കോച്ച് സഞ്ജയ് ബംഗാറാണ് റാത്തോറിന് വഴിമാറികൊടുക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പായി റാത്തോര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. എന്നാല്‍ ബംഗാറിന് തല്‍സ്ഥാനത്ത് നിന്ന്് മാറുന്നതില്‍ നിന്ന് ബുദ്ധിമുട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അദ്ദേഹത്തിനുണ്ടായ അമര്‍ഷം ബംഗാര്‍ പ്രകടമാക്കുകയും ചെയ്തു. അദ്ദേഹം സെലക്റ്റര്‍മാരില്‍ ഒരാളുടെ മുറിയിലേക്ക്് ഇടിച്ചുകയറി ദേഷ്യത്തോടെ സംസാരിക്കുകയുണ്ടായി. ബിസിസിഐ ആസ്ഥാനത്താണ് സംഭവം. സെലക്റ്റര്‍മാരില്‍ ഒരാളായ ദേവാങ് ഗാന്ധിയുടെ മുറിയിലേക്കാണ് അദ്ദേഹം ഇടിച്ചുകയറിയത്. തുടര്‍ന്ന് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. 

തന്നെ പുറത്താക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ബംഗാര്‍ തുടര്‍ന്നു... ''എന്റ കീഴില്‍ ടീം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി. കോച്ചിങ് സ്റ്റാഫിനെ തീരുമാനിക്കേണ്ടത് ടീമാണ്. അല്ലാതെ സെലക്ടര്‍മാരല്ല. ടീമിന് പരിശീലനം നല്‍കാന്‍ ഞാന്‍ യോഗ്യനല്ലെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിഗണിക്കണം.'' ബംഗാര്‍, ദേവാങ് ഗാന്ധിയോട് വിശദീകരിച്ചു.