ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായ മഞ്ജരേക്കര്‍ തെരഞ്ഞെടുത്തിരിക്കുന്നത് കുല്‍ദീപ് യാദവിനെയാണെന്നതും ശ്രദ്ധേയമാണ്.
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കമാകുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ടി20 പരമ്പരയില്‍ കളിച്ച ടീമില്‍ അടിമുടി മാറ്റവുമായി ഇറങ്ങുന്ന ഇന്ത്യൻ ടീമില്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്ന 11 താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍.
ഓപ്പണര്‍മാരായി മഞ്ജരേക്കറുടെ ടീമില്‍ സര്‍പ്രൈസുകളൊന്നുമില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാണ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത പ്ലേയിംഗ് ഇലവനിലും ഓപ്പണര്‍മാരായി എത്തുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി ശ്രേയസ് അയ്യരുമെത്തുന്നു. എന്നാല്‍ വിക്കറ്റ് കീപ്പറായി മഞ്ജരേക്കര്‍ തെരഞ്ഞെടുത്തിരിക്കുക്കന്നത് കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെയാണെന്നതാണ് കൗതുകകരം. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് റിഷഭ് പന്തിനെ പരീക്ഷിച്ചുനോക്കാന്‍ പറ്റിയ അവസരമാണിതെന്നാണ് മഞ്ജരേക്കര്‍ ഇതിന് കാരണമായി പറയുന്നത്.
'അവനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തത് അത്ഭുതപ്പെടുത്തി', തുറന്നു പറഞ്ഞ് മുന്‍ താരം
ഹാര്‍ദ്ദിക് പാണ്ഡ്യയെ പേസ് ഓള്‍ റൗണ്ടറായി മഞ്ജരേക്കര്‍ ടീമിലെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് മഞ്ജരേക്കറുടെ പ്ലേയിംഗ് ഇലവനിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍മാര്‍. ഏകദിനങ്ങളില്‍ അക്സര്‍ പട്ടേലിനെക്കാള്‍ മുന്‍തൂക്കം സുന്ദറിനുണ്ടെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായ മഞ്ജരേക്കര്‍ തെരഞ്ഞെടുത്തിരിക്കുന്നത് കുല്‍ദീപ് യാദവിനെയാണെന്നതും ശ്രദ്ധേയമാണ്. ടി20 പരമ്പരയില്‍ തിളങ്ങിയെങ്കിലും വരുണ്‍ ചക്രവര്‍ത്തി കാത്തിരിക്കേണ്ടിവരുമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. അര്‍ഷ്ദീപ് സിംഗും മുഹമ്മദ് ഷമിയുമാണ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ടീമിലെ പേസര്‍മാര്‍.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള സഞ്ജയ് മഞ്ജരേക്കറുടെ ഇന്ത്യൻ ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.
