ചാമ്പ്യൻസ് ട്രോഫിയിലേക്കുള്ള ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് അമ്പരപ്പിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം എസ് ബദരീനാഥ്.

ചെന്നൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ ടീമില്‍ ഇന്ത്യ നാലു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയപ്പോൾ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് സ്പിന്നര്‍മാരായി ടീമിലെത്തിയത്. എന്നാല്‍ രവീന്ദ്ര ജഡേജയെ ടീമിലെടുത്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം എസ് ബദരീനാഥ്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജയെ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുത്തിരുന്നില്ല. അക്സര്‍ പട്ടേലിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയുമാണ് അന്ന് സെലക്ടര്‍മാര്‍ ടീമിലെടുത്തത്. എന്നാല്‍ സമീപകാലത്ത് മോശം ഫോമിലായിട്ടും ഇംഗ്ലണ്ട് പരമ്പരക്കും ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ടീമിലേക്ക് ജഡേജ തിരിച്ചെത്തിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു.

ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിന് കനത്ത തിരിച്ചടി, കുതിച്ചുയര്‍ന്ന് അഭിഷേക് ശര്‍മ; വരുണ്‍ ചക്രവർത്തിക്കും നേട്ടം

ഇന്ത്യൻ ടീമിലെ ചില സ്ഥാനങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ രവീന്ദ്ര ജഡേജ ചാമ്പ്യൻസ് ട്രോഫി ടീമിലെത്തിയപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. കാരണം, പ്ലേയിംഗ് ഇലവനില്‍ ജഡേജക്ക് സ്ഥാനമുണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യതയില്ലാത്തൊരാളെ എന്തിനാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത് എന്നാണ് താനിപ്പോള്‍ ചിന്തിക്കുന്നതെന്നും ബദരീനാഥ് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

അക്സര്‍ പട്ടേലിന്‍റെ വരവോടെ രവീന്ദ്ര ജഡേജയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജക്ക് സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലും മികവ് കാട്ടാനായിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും തിളങ്ങാന്‍ കഴിയാതിരുന്ന ജഡേജ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ഈ മാസം 19നാണ് പാകിസ്ഥാനില്‍ ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. അഥിന് മുമ്പ് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക