മുംബൈ: കമെന്റേറ്റര്‍മാരുടെ പാനലില്‍ നിന്ന് ഒഴിവാക്കിയ ബിസിസിഐ തീരുമാനം അംഗീകരിക്കുന്നതായി സഞ്ജയ് മഞ്ജരേക്കര്‍. ആര്‍ക്ക് ചുമതല നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തൊഴില്‍ ദാതാവിനുണ്ടെന്നും ആ അവകാശത്തെ ബഹുമാനിക്കുന്നുവെന്നും മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു. തന്റെ പ്രകടനത്തെക്കുറിച്ച് ബിസിസിഐ നേതൃത്വത്തിന് അതൃപ്തി ഉണ്ടാകാം. കമന്റേറ്ററാകാനുള്ള അവസരം അവകാശമായല്ല, അംഗീകാരമായാണ് കണ്ടിട്ടുള്ളതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. രവിന്ദ്ര ജഡേജയെ വിമര്‍ശിച്ചതിനും പൗരത്വ പ്രക്ഷോഭങ്ങളെ അനുകൂലിച്ചതിനുമാണ് മഞ്ജരേക്കറെ ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടെ മറ്റൊരു കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ അപമാനിച്ചതും കാരണമായി. 

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര ടെസ്റ്റില്‍പിങ്ക് പന്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഭോഗ്ലെയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കറുടെ വാവിട്ട പ്രയോഗങ്ങള്‍. പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം എന്നായിരുന്നു ഭോഗ്ലെയുടെ നിലപാട്. എന്നാല്‍, 'മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കൊന്നും അതിന്റെ ആവശ്യമില്ല' എന്ന മഞ്ജരേക്കറുടെ മറുപടി വിവാദമായി.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ പ്രയോഗവും വിവാദമായി. രവീന്ദ്ര ജഡേജയെ 'തട്ടിക്കൂട്ട്കളിക്കാരന്‍' എന്നാണ്മഞ്ജരേക്കര്‍ വിളിച്ചത്. എന്നാല്‍, ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററെന്ന്ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍ തിരുത്തി. ഇരു സംഭവങ്ങളിലും രൂക്ഷ വിമര്‍ശനം നേരിട്ടശേഷമായിരുന്നു മഞ്ജരേക്കറുടെ മാപ്പുപറച്ചില്‍.