മുംബൈ: കമന്‍റേറ്ററും ക്രിക്കറ്റ് നിരീക്ഷകനും എന്ന നിലയില്‍ തന്‍റെ ഏറ്റവും മോശം വര്‍ഷമാണ് 2019 എന്ന് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളിലാണ് മഞ്ജരേക്കര്‍ സ്വയം വിലപിക്കുന്നത്. ഹര്‍ഷ ഭോഗ്‌ലെക്കെതിരായ പ്രയോഗങ്ങള്‍ ഒരു പ്രൊഫഷണലിന് ചേരാത്തതും അനുചിതവുമാണെന്ന് മഞ്ജരേക്കര്‍ പറയുന്നു.

'ഹര്‍ഷ ഭോഗ്‌ലെയുടെ ക്രിക്കറ്റ് പാണ്ഡിത്യത്തെ ചോദ്യം ചെയ്തത് തെറ്റായിപ്പോയി. നിയന്ത്രണം വിട്ടാണ് ഭോഗ്‌ലെയോട് സംസാരിച്ചത്, അതൊട്ടും പ്രൊഫഷണല്‍ ആയിരുന്നില്ല. അതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. മത്സരം സംപ്രേക്ഷണം ചെയ്യുന്ന പ്രൊഡ്യൂസറോടാണ് ഞാന്‍ ആദ്യം മാപ്പപേക്ഷിച്ചത്. കാരണം, എന്‍റെ ഭാഗത്തായിരുന്നു തെറ്റ്'- മഞ്ജരേക്കര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

'പിങ്ക് പന്തില്‍' തിരിച്ചടിയേറ്റ മഞ്ജരേക്കര്‍

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര ടെസ്റ്റില്‍ പിങ്ക് പന്തിനെ കുറിച്ചുള്ള ചര്‍ച്ചയ‌്‌ക്കിടെയായിരുന്നു ഭോഗ്‌ലെയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കറുടെ വാവിട്ട പ്രയോഗങ്ങള്‍. പിങ്ക് പന്ത് ബാറ്റ്സ്‌മാന്‍മാര്‍ക്ക് വ്യക്തമായി കാണാനാകുന്നുണ്ടോ എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു കമന്‍ററി ബോക്‌സില്‍ ഇരുവരും. പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം എന്നായിരുന്നു ഭോഗ്‌ലെയുടെ നിലപാട്. 

ഭോഗ്‌ലെയുടെ വാദങ്ങളെ ഉടനടി എതിര്‍ത്ത മഞ്ജരേക്കര്‍ പറഞ്ഞ മറുപടി ഇങ്ങനെ. "മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കൊന്നും അതിന്‍റെ ആവശ്യമില്ല". മഞ്ജരേക്കറുടെ പ്രതികരണം അന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. മഞ്ജരേക്കറെ പരസ്യമായി ചോദ്യം ചെയ്ത് ഷെയ്‌ന്‍ വോണ്‍ അടക്കമുള്ള ഇതിഹാസങ്ങളും ആരാധകരും രംഗത്തെത്തി. 

ജഡേജയില്‍ നിന്നും കണക്കിന് 'വാങ്ങിച്ച്' മഞ്ജരേക്കര്‍

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കുറിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍ നടത്തിയ പ്രയോഗവും വിവാദമായിരുന്നു. രവീന്ദ്ര ജഡേജയെ തട്ടിക്കൂട്ട് കളിക്കാരന്‍ എന്നാണ് മഞ്ജരേക്കര്‍ വിളിച്ചത്. എന്നാല്‍, ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററെന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍ തിരുത്തി. 'ഞാന്‍ മുന്‍പ് പറഞ്ഞത് തെറ്റാണെന്ന് ജഡേജ തെളിയിച്ചു. ശരിക്കും ഞെട്ടിച്ചുകളഞ്ഞു, ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും മികച്ചുനിന്നു' എന്നായിരുന്നു വാക്കുകള്‍. 

ഏകദിന ടീമില്‍ കളിക്കാനുള്ള യോഗ്യത ജഡേജയ്‌ക്കില്ല എന്നും മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ മഞ്ജരേക്കര്‍ക്ക് ചുട്ട മറുപടിയുമായി ജഡേജ രംഗത്തെത്തി. നിങ്ങളേക്കാള്‍ മത്സരം കളിച്ചിട്ടുണ്ടെന്നും നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ അംഗീകരിക്കാന്‍ പഠിക്കണമെന്നുമായിരുന്നു ജഡേജയുടെ മറുപടി.