30 പന്തില്‍ 34 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ആയുഷ് മാത്രെ 13 പന്തില്‍ 30 റണ്‍സടിച്ചപ്പോള്‍ സഞ്ജു സാംസണ്‍ 3 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി.

ഹൈദരാബാദ്: സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 10 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജാമി ഓവര്‍ടണും അന്‍ഷുല്‍ കാംബോജും ക്രീസില്‍ നില്‍ക്കെ പ്രഫുല്‍ ഹിംഗെ എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ 3 റണ്‍സെടുത്ത ചെന്നൈക്ക് മൂന്നാം പന്തില്‍ നോ ബോള്‍ ലഭിച്ചെങ്കിലും അന്‍ഷുല്‍ കാംബോജിന് അത് മുതലാക്കാനായില്ല. നാലാം പന്തില്‍ ഓവര്‍ടണ്‍ പുത്തായതോടെ ചെന്നൈയുടെ പതനം പൂര്‍ത്തിയായി.

30 പന്തില്‍ 34 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ആയുഷ് മാത്രെ 13 പന്തില്‍ 30 റണ്‍സടിച്ചപ്പോള്‍ സഞ്ജു സാംസണ്‍ 3 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി. ഹൈദരാബാദിനായി ഇഷാന്‍ മലിംഗ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ ആറ് പോയന്‍റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ എട്ടാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ സണ്‍റൈസഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 194-9, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 184-8.

സഞ്ജു വീണു, ചെന്നൈയും

View post on Instagram

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും ടോപ് സ്കോററായതും സഞ്ജു സാംസണായിരുന്നു. എന്നാല്‍ ഹൈദരാബാദിനെതിരെ സിക്സ് അടിച്ചു തുടങ്ങിയ സഞ്ജു നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറില്‍ നേരിട്ട മൂന്നാം പന്തില്‍ മടങ്ങി. സഞ്ജു പുറത്തായശേഷം ആയുഷ് മാത്രെക്ക് തുടക്കത്തിലെ ജീവന്‍ ലഭിച്ചെങ്കിലും പിന്നാലെ തകര്‍ത്തടിച്ചത് ചെന്നൈക്ക് പ്രതീക്ഷയായി. നാലോവറില്‍ 60 കടന്ന ചെന്നൈക്ക് ആയുഷ് മാത്രെയുടെ പരിക്ക് വില്ലനായി. പരിക്കുമൂലം ഓടാന്‍ ബുദ്ധിമുട്ടിയ മാത്രെ അ‍ഞ്ചാം ഓവറില്‍ മടങ്ങി. പിന്നാലെ ഇഷാന്‍ മലിംഗക്ക് വിക്കറ്റ് സമ്മാനിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും(13 പന്തില്‍ 19) പുറത്തായെങ്കിലും പവര്‍ പ്ലേയില്‍ ചെന്നൈ 76 റണ്‍സടിച്ചു. സര്‍ഫറാസ് ഖാനും മാത്യും ഷോര്‍ട്ടും ചേര്‍ന്ന് ചെന്നൈയെ ഒമ്പതാം ഓവറില്‍ 100 കടത്തി.

View post on Instagram

എന്നാല്‍ പതിനൊന്നാം ഓവറില്‍ സര്‍ഫറാസ് ഖാനെ(19 പന്തില്‍ 25) ഇഷാന്‍ മലിംഗയും പന്ത്രണ്ടാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ(0) ശിവാംഗ് കുമാറും മടക്കിയതോടെ ചെന്നൈയുടെ അടിതെറ്റി. തകര്‍ത്തടിക്കാന് കഴിയാതിരുന്ന മാത്യു ഷോര്‍ട്ടും ശിവം ദുബെയും ചേര്‍ന്ന് ചെന്നൈയെ 150ന് അടുത്തെത്തിച്ചെങ്കിലും 30 പന്തില്‍ 34 റണ്‍സെടുത്ത ഷോര്‍ട്ടിനെ മടക്കി ഇഷാന്‍ മലിംഗ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സാക്കിബ് ഹുസൈന്‍ ശിവം ദുബെയെ(16 പന്തില്‍ 21) ബൗള്‍ഡാക്കിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. പ്രഫുല്‍ ഹിംഗെ എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ജാമി ഓവര്‍ടണും അന്‍ഷുല്‍ കാംബോജിനും വിജയലക്ഷ്യം അടിച്ചെടുക്കാനായില്ല.

View post on Instagram

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തത്. 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 22 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് വീഴ്ചക്കിടയിലും തകര്‍ത്തടിച്ച ക്ലാസന്‍ 39 പന്തില്‍ 59 റൺസെടുത്തു. ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു. ക്ലാസനും അഭിഷേകിനുമൊഴികെ മറ്റാര്‍ക്കും ഹൈദരാബാദ് നിരയില്‍ തിളങ്ങാനായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ജാമി ഓവര്‍ടണും അന്‍ഷുല്‍ കാംബോജും 3 വിക്കറ്റ് വീതമെടുത്തപ്പോള്‍ മുകേഷ് ചൗധരി 2 വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക