സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയത് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്ന് പരാഗ് സമ്മതിച്ചു. "സഞ്ജു ഭായിയുടെ പകരക്കാരനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

ഗുവാഹത്തി: ഐപിഎൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് മുൻ നായകൻ സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. ഇന്ത്യൻ ടീമില്‍ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും എങ്ങനെയാണോ പകരക്കാരില്ലാത്തത്, അതേപോലെയാണ് രാജസ്ഥാൻ റോയൽസിന് സഞ്ജു സാംസണുമെന്ന് പരാഗ് പറഞ്ഞു. ഐപിഎല്ലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പരാഗ് മനസ് തുറന്നത്.

സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയത് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്ന് പരാഗ് സമ്മതിച്ചു. 'സഞ്ജു ഭായിയുടെ പകരക്കാരനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അദ്ദേഹത്തിന്‍റെ അതേ ശൈലിയുള്ള താരങ്ങളെ കണ്ടെത്താനോ അതേ സ്ഥാനത്ത് കളിപ്പിക്കാനോ ഒരുപക്ഷെ ഞങ്ങള്‍ക്ക് സാധിച്ചേക്കാം. എന്നാൽ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും പകരക്കാരില്ലാത്തതുപോലെ തന്നെയാണ് സഞ്ജു ഭായിയുടെ കാര്യവും. അദ്ദേഹം അത്രക്കും മികവുറ്റ കളിക്കാരനാണെന്ന് റിയാൻ പരാഗ് പറഞ്ഞു.

2018 മുതൽ 2025 വരെ രാജസ്ഥാൻ റോയൽസിന്‍റെ അവിഭാജ്യ ഘടകമായിരുന്നു സഞ്ജു. ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും കൂടുതൽ റൺസ് നേടിയതും സഞ്ജുവാണ്. എന്നാൽ രാജസ്ഥാനിലെ തന്‍റെ കാലം കഴിഞ്ഞുവെന്ന് തോന്നിയതിനാലാണ് ടീം വിടാൻ തീരുമാനിച്ചതെന്ന് സഞ്ജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായാണ് സഞ്ജു ചെന്നൈയിലെത്തിയത്.

Scroll to load tweet…

സഞ്ജുവിന് പകരമായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത റിയാൻ പരാഗ്, വരാനിരിക്കുന്ന സീസണിലെ ടീമിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു. കഴിഞ്ഞ സീസണുകളിൽ കൈവിട്ടുപോയ മത്സരങ്ങൾ കൃത്യമായി ഫിനിഷ് ചെയ്യുന്നതിലും മികച്ച പ്ലാനിംഗിലുമാണ് ടീം ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പരാഗ് പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്‍റെ ആദ്യ മത്സരം മാർച്ച് 30-ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ്. എതിരാളികൾ സഞ്ജു സാംസണിന്‍റെ ചെന്നൈ സൂപ്പർ കിങ്‌സ് ആണ്. ഏപ്രിൽ 4 ന് ഗുജറാത്ത് ടൈറ്റൻസ് (അഹമ്മദാബാദ്), ഏപ്രിൽ 7 മുംബൈ ഇന്ത്യൻസ് (ഗുവാഹത്തി), ഏപ്രിൽ 9: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ഗുവാഹത്തി) എന്നീ ടീമുകള്‍ക്കെതിരെയാണ് രാജസ്ഥാന്‍റെ തുടര്‍ന്നുള്ള മത്സരങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക