മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ദേശീയ ജേഴ്‌സിയില്‍ തിരിച്ചെത്തിയേക്കും. ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തുകയെന്ന്്. സഞ്ജുവിന് പുറമെ വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശിവം ദുബെയേയും ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ മികച്ച ടീമിനെ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. നവംബര്‍ മൂന്നിനാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. മൂന്ന് ടി20കളും രണ്ട് ടെസ്റ്റും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും. 24ന് നടക്കുന്ന യോഗത്തില്‍ ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുക്കും. 

വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ഫോമിലായിരുന്നു സഞ്ജു. ഗോവയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി നേടിയത് സെലക്റ്റര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. വിക്കറ്റ് കീപ്പറുടെ ജോലിയും സഞ്ജു ചെയ്യേണ്ടിവരും. ഋഷഭ് പന്തിന്റെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് അവസരം നല്‍കുക. ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കാണ് ദുബെയ്ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കുക.

ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ആദ്യ ടി20. ഏഴിന് രാജ്‌കോട്ടിലും 10ന് നാഗ്പൂരിലുമാണ് രണ്ടും മൂന്നും ടി20 മത്സരങ്ങള്‍ നടക്കുക. പരമ്പരയിലെ ആദ്യ ടെസ്റ്റ് 14ന് ഇന്‍ഡോറില്‍ നടക്കും. കൊല്‍ക്കത്തയിലാണ് രണ്ടാം ടെസ്റ്റ്.