തിരുവനന്തപുരം: വെള്ളിയാഴ്ചയാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. ആദ്യ ടി20ക്ക് ഹൈദരാബാദ് വേദിയാവും. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയത്. നേരത്തെ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമുലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

സഞ്ജുവിനെ എവിടെ കളിപ്പിക്കുമെന്നുള്ള കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുലായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുക. രാഹുല്‍ സയ്യിദ് മുഷ്താഖ് അലി ടി20യില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. രാഹുലിനെ തഴഞ്ഞ് സഞ്ജു ഓപ്പണറായെത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ കളിപ്പിക്കമെന്നാണ് താരത്തിന്റെ ആദ്യകാല കോച്ച് ബിജു ജോര്‍ജ് പറയുന്നത്. 

സഞ്ജുവിനെ വീണ്ടും ദേശീയ ടീമില്‍ കാണാനായതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ബിജു ജോര്‍ജ് തുടങ്ങിയത്. അദ്ദേഹം തുടര്‍ന്നു... ''ധവാന്റെ പകരക്കാരനായിട്ടാണ് സഞ്ജുവിനെ ദേശീയ ടീമിലേക്ക് തിരികെ വിളിച്ചത്. ധവാന്റെ ഒഴിവില്‍ ഓപ്പണറായി തന്നെ സഞ്ജു കളിക്കണം. ബൗളര്‍ക്കുമേല്‍ തുടക്കം മുതല്‍ ആധിപത്യം നേടാന്‍ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. പുതിയ കാര്യങ്ങള്‍ പഠി്ച്ചുകൊണ്ടേയിരിക്കുന്നു. 

ലോകത്തെ മികച്ച ബൗളര്‍മാര്‍ക്കെതിരെ കളിക്കുകയും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരത്തെ നിരന്തരം പുറത്തുനിര്‍ത്തുന്നത് ശരിയല്ല. കഠിനാധ്വാനമാണ് അവനെ ടീമിലെത്താന്‍ സഹായിച്ചത്. നെറ്റ്സില്‍ മണിക്കൂറുകളോളം ബാറ്റ് ചെയ്യുന്ന സഞ്ജു വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താനും പരിശ്രമിക്കാറുണ്ട്.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.